ഏപ്രില്‍ ആഗസ്ത് മാസങ്ങളിലാണ് അധ്യാപകന്‍ കുട്ടിയെ സ്‌കൂള്‍ പരിസരത്ത് വെച്ച് ബലാല്‍സംഘം ചെയ്തത്. മറ്റുകുട്ടികള്‍ കായിക പരിശീലനത്തിന് പോയ സമയത്തായിരുന്നു പീഡനം. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി വിവരം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. എന്നാല്‍ സെപ്തംബര്‍ മാസം കുട്ടിക്ക് ചുമയും വയറുവേദനയും ഉണ്ടായി. ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് പെണ്‍കുട്ടി രണ്ടാഴ്ച ഗര്‍ഭിണി ആണെന്ന വിവരം അമ്മ അറിയുന്നത്. 

പിന്നീട് കുട്ടിയോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചപ്പോഴാണ് 42 കാരനായ അധ്യാപകന്‍ പീഡിപ്പിച്ച കാര്യം മനസിലായത്. പെണ്‍കുട്ടി തന്റെ പേര് അമ്മയോട് പറഞ്ഞത് മനസിലാക്കിയ അധ്യാപകന്‍ അമ്മയേയും ഭീഷണിപ്പെടുത്തി. പക്ഷെ കുട്ടിയുടെ അമ്മ പൂനെയില്‍ ജോലിചെയ്യുന്ന കുട്ടിയുടെ അച്ഛനെ വിവരമറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ നെരൂള്‍ പൊലീസില്‍ പരാതി നല്‍കി. അതറിഞ്ഞ അധ്യാപകന്‍ മുംബൈയില്‍ ഫ്‌ളാറ്റ് പൂട്ടി  കുടുംബത്തെയും കൂട്ടി ദില്ലിയിലേക്ക് കടന്നുകളഞ്ഞു. 

ഇയാള്‍ ദില്ലിയില്‍ ഒളിച്ചുതാമസിക്കുന്ന സ്ഥലത്തെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്നും പൊലീസ് സംഘം ദില്ലിയിലേക്ക് തിരിച്ചതായും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതേസമയം പീഡനക്കേസില്‍ പ്രതിയായ അധ്യാപകനെ പ്രിന്‍സിപ്പല്‍ സ്‌കൂളില്‍നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.