ലക്നൗ: ഉത്തര്‍പ്രദേശിലെ റാപൂരില്‍ 14 യുവാക്കള്‍ ചേര്‍ന്ന് രണ്ട് യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സംഘത്തിലുണ്ടായിരുന്നവര്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു.
പീഡന ശ്രമത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതെന്ന് റാംപൂര്‍ എസ്.പി വിപിന്‍ റ്റാട പറഞ്ഞു. ആളൊഴിഞ്ഞ റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീകളെ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സ്ത്രീകളുടെ വസ്ത്രങ്ങളില്‍ പിടിച്ചുവലിക്കുന്നതും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും വീഡിയോയില്‍ കാണാം. വലിച്ച് തള്ളിയിടാന്‍ നോക്കുന്നതിനിടെ ഇവര്‍ തങ്ങളെ വിടാന്‍ അക്രമികളോട് അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. രണ്ടാഴ്ചയിലധികമായി വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകളുടെ സുരക്ഷ ശക്തിപ്പെടുത്താനെന്ന പേരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ആന്റി റോമിയോ സ്കാഡ് സദാചാര പൊലീസിങിന് പഴി കേള്‍ക്കുന്നതിനിടെയാണ് പട്ടാപ്പകള്‍ പൊതുവഴിയിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീ ആക്രമിക്കപ്പെട്ടത്.
