Asianet News MalayalamAsianet News Malayalam

ശബരിമലയിലെ നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി

ശബരിമലയിലെ നിരോധനാജ്ഞ  അവസാനിക്കാനിരിക്കേ നിരോധനാജ്ഞ നീട്ടാൻ സാധ്യതതേടി കളക്ടർ എഡിഎമ്മിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു

144 extended in sabarimala
Author
Pamba, First Published Dec 4, 2018, 9:26 PM IST

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയാണ് എട്ട് വരെ നീട്ടിയത്. ഇതോടെ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ തുടരും.

ശബരിമലയിലെ നിരോധനാജ്ഞ  അവസാനിക്കാനിരിക്കേ നിരോധനാജ്ഞ നീട്ടാൻ സാധ്യത തേടി കളക്ടർ എഡിഎമ്മിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. നിരോധനാജ്ഞ നീട്ടണം എന്നായിരുന്നു പൊലീസിന്‍റെ നേരത്തെ മുതലുള്ള ആവശ്യം. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നായിരുന്നു പൊലീസിന്‍റെ നിലപാട്.  ഇത്തവണയും നിരോധനാജ്ഞ നീട്ടണമെന്ന് എസ്പിയും എഡിഎമ്മും റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ് നാല് ദിവസം കൂടെ നിരോധനാജ്ഞ നീട്ടി ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കിയത്.

ഭക്തർക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല. ശരണം വിളിക്കുന്നതിനോ, ഭക്തർ സംഘമായി ദർശനത്തിനെത്തുന്നതിനോ തടസമുണ്ടാകില്ല. നേരത്തെ,  സന്നിധാനത്തെയും നിലയ്ക്കലിലെയും ഒരുക്കങ്ങളിൽ ത്യപ്തിയുണ്ടെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി വ്യക്തമാക്കിയിരുന്നു. എന്നാൽ, പൊലീസ് നിയന്ത്രണങ്ങൾ കുറയ്ക്കുന്നതിനെക്കുറിച്ച് സമിതിയുടെ നിലപാടുകള്‍ അറിയിച്ചില്ല.

മണ്ഡലകാലത്ത് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനാണ് ഹൈക്കോടതി സമിതിയെ നിയോഗിച്ചത്. അതേസമയം സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ദേവസ്വം ബോർഡ് സമിതിയോട് ആശങ്ക പങ്ക് വച്ചു. സമിതി നടത്തിയ ചർച്ചയിൽ നിയന്ത്രണങ്ങൾ തുടരണമെന്ന നിലപാടാണ് പൊലീസ്  സ്വീകരിച്ചത്. 

 

Follow Us:
Download App:
  • android
  • ios