നിപ ബാധിച്ച് മരിച്ചവരുമായി അടുത്തിടപഴകിയിട്ടുള്ള മുഴുവൻ ആളുകളോടും പൊതു ഇടങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

കോഴിക്കോട്: നിപ സ്ഥിരീകരിച്ച് സംസ്ഥാനത്ത് ഇതുവരെയായി 17 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് പേർ ഇപ്പോഴും ചികിത്സയിലാണ്. ആകെ 12 പേർ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 ൽ അധികം പേരുടെ പട്ടികയാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

നിപ ബാധിച്ച് മരിച്ചവരുമായി അടുത്തിടപഴകിയിട്ടുള്ള മുഴുവൻ ആളുകളോടും പൊതു ഇടങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. നിപ ബാധിച്ച് മരിച്ചവർ ആശുപത്രിയിലുണ്ടായിരുന്ന ദിവസങ്ങളിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലോ, ബാലുശേരി താലൂക്ക് ആശുപത്രിയിരുന്നവർ നിപ സെല്ലുമായി ബന്ധപ്പെടാൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ 150 ഓളം ആളുകൾ ഹെൽപ്പ് സെന്ററിൽ വിവരം നൽകിയിട്ടുണ്ട്. 

കോടതി സൂപ്രണ്ട് നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ കോടതി 10 ദിവസം അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കി. ജില്ലാ കോടതി സീനിയർ സൂപ്രണ്ട് മധുസൂദനൻ നിപ്പ ബാധിച്ച് മരിച്ചതോടെയാണ് കോടതി അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ബാർ അസോസിയേഷൻ ഹൈക്കോടതി രജിസ്ട്രാറെ സമീപിച്ചത്. ഇക്കാര്യത്തിൽ ഹൈക്കോടതി രജിസ്ട്രാർ കലക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. തുടർന്നാണ് മുൻകരുതൽ നടപടിയായി കോടതി അടച്ചിടണമെന്ന റിപ്പോർട്ട് കലക്ടർ നൽകിയത്. 

ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ 6 ഡോക്ടർമാരും പ്പെടെയുള്ള ജീവനക്കാർക്ക് ഒരാഴ്ച അവധി നൽകി. ഇവിടെ ചികിത്സ തേടിയ രണ്ട് പേർ നിപ്പ ബാധിച്ചു മരിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ
നടപടി.