പ്രോട്ടേം സ്പീക്കര്‍ എസ് ശര്‍മയാണു പതിന്നാലാം നിയമസഭയുടെ ആദ്യ സമ്മേളനം നിയന്ത്രിക്കും. രാവിലെ 9 മണി മുതല്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. അംഗങ്ങളുടെ ഇരിപ്പിടങ്ങളുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയ്ക്ക് ശേഷമാണ് ബിജെപിയുടെ ആദ്യ എംഎല്‍എ ഒ. രാജഗോപാല്‍ സഭയിലെത്തിയത്. ഇരു മുന്നണിയിലും പെടാതെ സ്വതന്ത്രനായി പി.സി ജോര്‍ജുമുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുതുതായി ആ പദവികളിലെത്തിയവര്‍. അവര്‍ ഇരുവരും ഇരുപക്ഷത്തെയും നയിക്കുമ്പോള്‍ രണ്ടു മുന്‍ മുഖ്യമന്ത്രിമാര്‍ ട്രഷറി ബഞ്ചിലും പ്രതിപക്ഷ ബഞ്ചിലുമുണ്ടാകും. വി എസും ഉമ്മന്‍ ചാണ്ടിയും.

പതിന്നാലാം കേരള നിയമസഭയില്‍ ഒ.രാജഗോപാലടക്കം 44 പുതുമുഖങ്ങളുണ്ട്. ഇതില്‍ മൂന്നു പേര്‍ വനിതകളാണ്. 83 സിറ്റിങ് എം.എല്‍.എമാരാണ് സഭയിലുള്ളത്. 13 പേര്‍ ഒരിടവേളയ്ക്കു ശേഷം സഭയില്‍ മടങ്ങിയെത്തുന്നവരാണ്. നാളെ രാവിലെ ഒമ്പതിനാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. അദ്യ സമ്മേളനം രണ്ടു ദിവസം മാത്രമാണ് നടക്കുന്നത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ പത്രിക നല്‍കാം. പി ശ്രീരാമകൃഷ്ണനാണ് ഇടതു മുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി. വി ശശി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയുമാണ്. നാളെ പിരിയുന്ന സഭ 24ന് വീണ്ടും സമ്മേളിക്കാനാണ് സാധ്യത. അടുത്ത മാസം എട്ടിന് പുതിയ സര്‍ക്കാരിന്റെ കന്നി ബജറ്റ് അവതരിപ്പിക്കും.