കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പോലീസിന്റെ സി.സി.ടി.വി.ക്യാമറ മാറ്റിസ്ഥാപിക്കാന്‍ ഒന്നര കോടി രൂപ ആഭ്യന്തര വകുപ്പ് അനുവദിച്ചതായി ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ പറഞ്ഞു. കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും തുടര്‍ച്ചയായ കാസര്‍കോട് പോലീസ് സ്ഥാപിച്ച സി.സി.ടി.വി.ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്ന് കഴിഞ്ഞദിവസം ഏഷ്യാനെറ് ന്യൂസ് ഓണ്‍ലൈന്‍ റിപോര്‍ട്ട് ചെയ്തിരുന്നു.വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

പതിനഞ്ച് ലക്ഷം ജനസംഖ്യയുള്ള കാസര്‍കോട് പോലീസ് സ്ഥാപിച്ച 95 ക്യാമറകളില്‍ എട്ടെണ്ണം മാത്രമേ നിലവില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ബാക്കി 81 ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. തകരാറിലായ ക്യാമറകള്‍ നന്നാക്കാന്‍ പോലീസ് കെല്‍ട്രോണിനെ സമീപിച്ചെങ്കിലും റിപ്പയന്റിംഗ് തുക കൂടുതലാണെന്നതിനാല്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. 

ജില്ലയിലെ സി.സി.ടി.വി.ക്യാമറകള്‍ സംബന്ധിച്ച് വിവാദമായതോടെയാണ് ക്യാമറകള്‍ക്കായി തുക കണ്ടെത്തിയത്. ജില്ലയിലെ പ്രധാനപ്പെട്ട മുഴുവന്‍ സ്ഥലങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കുമെന്നും ഇതിനായി മൂന്ന് കോടി രൂപ വേണമെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.