തിരുവനന്തപുരം: പൂന്തുറയിൽ നിന്നും ഇന്നലെ മത്സ്യബന്ധനത്തിന് പോയ 150 ഓളം മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയില്ല. ഇന്നലെ വൈകിട്ട് തീരത്ത് നിന്നും 100 ഓളം വളളങ്ങളാണ് മത്സ്യബന്ധനത്തിന് പോയത്. ഇന്ന് രാവിലെ ഏഴുമണിയോടെ ഇവരെല്ലാം തിരിച്ചെത്തേണ്ടതാണെങ്കിലും ഇതിൽ 70 വള്ളങ്ങൾ മാത്രമാണ് തിരിച്ചു കരയിലെത്തിയത്.

ശക്തമായ പ്രതികൂല കാലാവസ്ഥയാണ് നേരിടുന്നത്. ഉച്ച കഴിഞ്ഞിട്ടും ബാക്കി 30 വള്ളങ്ങളെ കുറിച്ചോ അതിലെ ജീവനക്കാരെ കുറിച്ചോ ഒരു വിവരവും ഇല്ലെന്ന് പൂന്തുറ സെന്‍റ് തോമസ് പള്ളി വികാരി ജസ്റ്റിൻ ജൂടിൻ അറിയിച്ചു. കാണാതായവരുടെ കുടുംബാംഗംങ്ങളും നാട്ടുകാരും ഇവരെ കത്ത് തീരത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. 

അതേസമയം തെക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് സംബന്ധിച്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് തീരത്തെത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്‍റെ ദുരന്ത നിവാരണ ഏജന്‍സി ട്വീറ്റ് ചെയ്തു. ലക്ഷദ്വീപ്, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളെയായിരിക്കും ചുഴലിക്കാറ്റ് ബാധിക്കുക.