2025 ഫെബ്രുവരി 5നാണ് തൃശ്ശൂർ ജില്ല ആശുപത്രിയിൽ മൾട്ടി സ്പെഷ്യാലിറ്റി ലബോറട്ടറി സ്ഥാപിക്കുവാൻ സുരേഷ് ഗോപി ഫണ്ട് അനുവദിച്ചത്. എന്നാൽ ആരോഗ്യ വകുപ്പിന്‍റെ അന്തിമ അനുമതി ലഭിക്കാത്തതാണ് ലാബ് വൈകാൻ കാരണമെന്നാണ് കോർപ്പറേഷന്‍റെ വാദം.

തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫണ്ട് അനുവദിച്ച് ഒരു വർഷം പിന്നിട്ടിട്ടും, തൃശ്ശൂർ ജില്ല ജനറൽ ആശുപത്രിയിൽ മൾട്ടി സ്പെഷ്യാലിറ്റി ലാബ് തുറക്കാൻ ഇതുവരെ അനുമതി ലഭിച്ചില്ല. പദ്ധതി കോർപ്പറേഷൻ അട്ടിമറിക്കുന്നു എന്നരോപിച്ച് തൃശ്ശൂരിൽ ബിജെപി പ്രതിഷേധം ശക്തമാകുകയാണ്. എന്നാൽ ആരോഗ്യ വകുപ്പിന്‍റെ അന്തിമ അനുമതി ലഭിക്കാത്തതാണ് ലാബ് വൈകാൻ കാരണമെന്നാണ് കോർപ്പറേഷന്‍റെ വാദം.

2025 ഫെബ്രുവരി 5നാണ് തൃശ്ശൂർ ജില്ല ആശുപത്രിയിൽ മൾട്ടി സ്പെഷ്യാലിറ്റി ലബോറട്ടറി സ്ഥാപിക്കുവാൻ സുരേഷ് ഗോപി ഫണ്ട് അനുവദിച്ചത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ കീഴിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി ആയിരുന്നു ലക്ഷ്യം. എംപി ഫണ്ടിൽ നിന്ന് 33 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. കോർപ്പറേഷന്റെ നിയന്ത്രണത്തിലാണ് ജനറൽ ആശുപത്രി. ഫണ്ട് അനുവദിച്ച് ഒരു വർഷം പിന്നിട്ടിട്ടും കോർപ്പറേഷൻ ഭരണാനുമതി നൽകാത്തതിൽ ബിജെപി പ്രതിഷേധം ശക്തമാക്കുകയാണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്നു എന്നാണ് ബിജെപി ആരോപണം.

എന്നാൽ ആരോഗ്യവകുപ്പിൽ നിന്ന് അന്തിമനുമതി ലഭിക്കാത്തതാണ് നടപടികൾ വൈകാൻ കാരണമെന്നാണ് തൃശ്ശൂർ കോർപ്പറേഷൻ അധികൃതർ ചൂണ്ടിക്കാട്ടുന്നത്. എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള പഴയ ഭരണസമിതി പദ്ധതിക്ക് വേണ്ടത്ര ഗൗരവം നൽകാത്തത് വീഴ്ച്ചയായെന്നും മേയർ പറഞ്ഞു. പദ്ധതിക്ക് അനുമതി ഇനിയും വൈകിയാൽ പ്രതിഷേധം കഴിപ്പിക്കും എന്ന് ജില്ലയിലെ ബിജെപി നേതൃത്വം അറിയിച്ചു.

View post on Instagram