എറണാകുളം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് എറണാകുളം അങ്കമാലി മേഖലയില്‍ അനധികൃത ചാരായ നിര്‍മ്മാണം സജീവം. അങ്കമാലി മുന്നൂര്‍പ്പിള്ളിയില്‍ നടത്തിയ റെയ്ഡില്‍ വാറ്റുപകരണങ്ങളും 150 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. 

അങ്കമാലി മുന്നൂര്‍പിള്ളിയോട് ചേര്‍ന്ന വനമേഖലകളില്‍ ആണ് ചാരായവാറ്റ് സംഘങ്ങള്‍ സജീവമാകുന്നത്. ക്രിസ്മത്, പുതുവത്സര ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് നിരവധി സംഘങ്ങളാണ് മേഖലയില്‍ വാറ്റ് ചാരായം ഉണ്ടാക്കുന്നത്. എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുന്നൂര്‍പിള്ളിയില്‍ നടത്തിയ റെയ്ഡില്‍ 150 ലിറ്റര്‍ ചാരായം പിടിച്ചെടുത്തു. എന്നാല്‍ നിര്‍മ്മാണത്തിലേര്‍പ്പെട്ടയാള്‍ ഓടി രക്ഷപ്പെട്ടു. വന്‍ തോതില്‍ ചാരായം നിര്‍മ്മിച്ച ശേഷം സംസ്ഥാനത്തിന്റെ പല ഭാഗത്തേക്കും സംഘങ്ങള്‍ ചാരായം വില്‍പ്പനയ്ക്ക് കൊണ്ടു പോകുന്നുണ്ടെന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് നല്‍കുന്ന വിവരം.

പരിസരപ്രദേശത്തെ മദ്യശാലകളുടെ സമീപമാണ് ചാരായം കൂടുതലായി കച്ചവടം ചെയ്യുന്നത്. ഓട്ടോറിക്ഷകളിലാണ് ഇവിടേക്ക് ചാരായം എത്തിക്കുക. ഇത്തരത്തില്‍ എത്ര സംഘങ്ങള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. വരും ദിവസങ്ങളിലും റെയ്ഡ് തുടരും.