കോതമംഗലം: കോടതിവിധിയുടെ പശ്ചാത്തലത്തിൽ പ്രാർത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയിൽ എത്തിയ ഓർത്തഡോക്‌സ് റമ്പാനെ വിശ്വാസികൾ തടഞ്ഞിട്ട് 17 മണിക്കൂർ പിന്നിടുന്നു. നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ പള്ളി അങ്കണത്തിൽ റമ്പാനും 4 ഓർത്തഡോക്സ് വിശ്വാസികളും വന്ന വാഹനത്തിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.

ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട റമ്പാന്‍റെ ഡ്രൈവറെ പോലീസ് പുലർച്ചെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പിറവം പള്ളിത്തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ പോലിസ്  സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗം നൽകിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നേരത്തെ കേസ് പരിഗണിച്ച ബെഞ്ച് പിന്മാറിയതിനെ തുടർന്ന് ജസ്റ്റിസുമാരായ വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവർ അടങ്ങിയ പുതിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മലങ്കര സഭാ തർക്കം നിലനിൽക്കുന്ന മറ്റു ഭാഗങ്ങളിലേക്ക് പ്രശ്നം വ്യാപിക്കുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ യാക്കോബായ വിഭാഗത്തിൽ നിന്നും പൂർണമായും പള്ളികൾ വിട്ടുകിട്ടണമെന്ന നിലപാടാണ് ഓർത്തഡോക്‌സ് വിഭാഗത്തിന്.