കൊല്ലം: കൊല്ലം കളക്ട്രേറ്റില്‍ ഗുരുതര സുരക്ഷാ വീഴ്ച. കളക്ട്രേറ്റിന് സമീപത്തെ സിസിടിവി ക്യാമറകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് സ്ഫോടനം അന്വേഷിക്കുന്ന പൊലീസ് സംഘം കണ്ടെത്തി.പ്രതിയെ കണ്ടെത്താനുള്ള പ്രധാന മാര്‍ഗം ഇതോടെ ഇല്ലാതായി. കളക്ട്രേറ്റിലും പരിസരത്തുമായി ആകെ 17 ക്യാമറകളാണ് ഉള്ളത്.ഇതില്‍ സ്ഫോടനം നടന്ന ഭാഗത്ത അഞ്ചെണ്ണവും ഉള്‍പ്പെടും. പക്ഷേ ഇവയൊന്നും പ്രവര്‍ത്തിക്കുന്നില്ല.

കളക്ടറുടെ ചേംബറിന് താഴെയാണ് എല്ലാ സിസിടിവി ക്യാമറകളുടേയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. മുൻപ് പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ കളക്ടറെ കാണാൻ എത്തിയിരുന്നോ എന്ന് അന്വേഷിക്കാൻ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.എന്നാല്‍ കളക്ടേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഒന്നും തന്നെ കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിരുന്നില്ല.

കേടായി സിസിടിവി ക്യാമരകള്‍ നന്നാക്കാൻ കെല്‍ട്രോണിനെ അറിയിച്ചിട്ടുണ്ടെന്നാണ് അന്ന് കളക്ടറേറ്റ് അധികൃതര്‍ പറഞ്ഞിരുന്നത്.എന്നാല്‍ ഇതുവരയെും ഇത് നന്നാക്കാൻ ആരും തയ്യാറായിട്ടില്ല. സ്ഫോടനം നടന്ന സ്ഥലത്തിരുന്ന സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ആരാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി അറിയാമായിരുന്നു.

സ്ഫോടനം നടക്കുന്നതിന് മിനിട്ടുകള്‍ക്ക് മുൻപ് കൃത്യം നടത്തിയാള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. സ്ഫോടനം നടന്നയുടൻ അന്വേഷണ സംഘം സിസി ടിവി കണ്‍ട്രോള്‍ റൂമിലെത്തെയങ്കിലും നിരാശയായിരുന്നു ഫലം. സിസിടിവി ക്യാമറകള്‍ കേടായിട്ട് മാസങ്ങളായിട്ടും അവ നന്നാക്കാത്ത കളക്ടറുടെ നിലപാടിനെതിരെ ഇതിനോടകം തന്നെ വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു.