ബാലിയ : ഉത്തര്‍ പ്രദേശിലെ ബാലിയ ഗ്രാമത്തില്‍ 17 കാരിയായ പെണ്‍കുട്ടിയെ അഞ്ച് ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൊന്നു. മാസങ്ങളോളം പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചതിന് ശേഷം ഈ ചൊവ്വാഴ്ച്ചയാണ് കൊലപാതകം നടത്തിയത്. രാഗിണി എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്.എയര്‍ ഹോസ്റ്റസ് ആകാന്‍ ആഗ്രഹിച്ച രാഗിണി അടുത്ത വര്‍ഷം പട്ടണത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടാനുള്ള തയ്യാറെടുപ്പിലായിരുന്നു. 

ഗ്രാമത്തലവന്‍റെ മകനാണ് കൊലപാതകത്തിലെ പ്രധാന പ്രതി. പെണ്‍കുട്ടിയെ മാസങ്ങളോളം പ്രതി ഭീക്ഷണിപ്പെടുത്തുകുയം മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു . ഇതിനെക്കുറിച്ച് ഗ്രാമത്തലവനോട് പറഞ്ഞപ്പോള്‍ പോലീസില്‍ പരാതി കൊടുക്കരുതെന്നും തന്‍റെ മകന്‍റെ ഭാഗത്ത് നിന്ന് ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഉണ്ടാവില്ലായെന്നും ഇയാള്‍ ഉറപ്പ് നല്‍കിയിരുന്നു.

കൊലപാതകത്തിന് ശേഷം പ്രധാന പ്രതിയായ പ്രിന്‍സ് തിവാരിയും രണ്ട് സുഹൃത്തുക്കളും പിടിയിലായെങ്കിലും ഗ്രാമ തലവനും പ്രതിയുടെ പിതാവുമായ ക്രിപ ഷന്‍കര്‍ ഒളിവിലാണ്. പ്രിന്‍സ് തിവാരിയും രാഗിണിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ഇവര്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാവുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയും ആയിരുന്നു എന്ന് പോലീസ് പറയുന്നു. എന്നാല്‍ അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണിതെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.