കോഴിക്കോട്: മണിക്കൂറുകള്‍ നീണ്ട അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ഒമാന്‍ വനിതയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തെടുത്തത് 191 മുഴകള്‍. കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നത്. ലോകത്ത് തന്നെ ആദ്യമായാണ് ഒരു വനിതയുടെ ശരീരത്തില്‍നിന്ന് ഇത്രയും മുഴകള്‍ പുറത്തെടുക്കുന്നതെന്നാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. യുവതിയ്ക്ക് താക്കോല്‍ ദ്വാര ശസ്ത്രക്രിയയായിരുന്നു ആദ്യം നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ 191 മുഴകള്‍ ഇത്തരത്തില്‍ നീക്കം ചെയ്യാനാകില്ല എന്നതിനാല്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയയ്ക്കൊപ്പം പരമ്പരാഗത ശസ്ത്രക്രിയാ രീതിയും ഒരുമിച്ച് ചേര്‍ത്താണ് മുഴകള്‍ പുറത്തെടുത്തതെന്ന് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം തലവന്‍ ഡോ അബ്ദുള്‍ റഷീദ് പറഞ്ഞു.
മൂന്ന് കുട്ടികളുടെ അമ്മയാണ് 34കാരിയായ യുവതി. ശസ്ത്രക്രിയ വിജയകരമായതോടെ യുവതിയ്ക്ക് ഇനി സാധാരണ ജീവിതം നയിക്കാമെന്നും ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഗര്‍ഭം ധരിക്കാമെന്നും ഡോക്ടര്‍ വ്യക്തമാക്കി. നിലവില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ക്ക് 3 ദിവസത്തിനകം ആശുപത്രി വിടാനാകും. എട്ട് അംഗ മെഡിക്കല്‍ സംഘം 4 മണിക്കൂര്‍ എടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
നിലവില്‍ 191 മുഴകളെന്നത് റെക്കോര്‍ഡാണെന്ന് അവകാശപ്പെടുന്ന ആശുപത്രി അധികൃതര്‍, ലിംഗ ബുക്ക് ഓഫ് റെക്കോര്‍ഡ്സിനെ സമീപിക്കാനൊരുങ്ങുകയാണ്. ഇതുവരെ 84 മുഴകളാണ് ഇന്ത്യയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിട്ടുള്ളത്. 2016 ഡിസംബറില്‍ ഈജിപ്ഷ്യന്‍ വനിതയുടെ ശരീരത്തില്‍നിന്ന് നീക്കം ചെയ്ത 186 മുഴകളാണ് നിലവിലെ ലോക റെക്കോര്‍ഡ്. അതേസമയം മധ്യഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ചികിത്സയ്കായി എത്തുന്നവരുടെ എണ്ണം വര്‍ദ്ദിച്ചിട്ടുണ്ടെന്നും കേരളത്തിലെ ആശുപത്രികളിലെ മികച്ച സൗകര്യമാണ് ഇതിന് കാരണമെന്നും സംഭവത്തോട് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
