78 വയസുകാരനായ ചാന്ദ്‌പുരി അര്‍ബുദത്തെ തുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. ഭാര്യയും മൂന്ന്‌ ആണ്‍മക്കളുമാണുള്ളത്‌. രാജ്യത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ധീരതാ മെഡലായ മഹാവീര്‍ ചക്രയ്‌ക്ക്‌ അദ്ദേഹം അര്‍ഹനായിട്ടുണ്ട്‌

ചണ്ഡീഗന്ധ്‌: ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ഒളിമങ്ങാത്ത പോരാട്ടം ലോംഗേവാല പോരാട്ടത്തിന് നേതൃത്വം നല്‍കിയ ബ്രിഗേഡിയര്‍ കുല്‍ദീപ്‌ സിങ്‌ ചാന്ദ്‌പുരി അന്തരിച്ചു. 1971 ലെ ഇന്ത്യാ-പാക്‌ യുദ്ധത്തില്‍ രാജസ്‌ഥാന്‍ അതിര്‍ത്തിയിലെ ലോംഗേവാല പോസ്‌റ്റ്‌ ആക്രമിച്ച പാക്‌ ടാങ്ക്‌ വ്യൂഹത്തെ കേവലം 120 സൈനികരുമായി ഒരു രാത്രി മുഴുവന്‍ ചെറുത്തുനിന്നത്‌ അന്നു മേജറായിരുന്ന ചാന്ദ്‌പുരിയുടെ നേതൃത്വത്തിലായിരുന്നു. ചാന്ദ്‌പുരിയും സംഘവും കനത്ത ആഘാതമേല്‍പിച്ച പാക്‌ സൈന്യം, പിറ്റേന്നു പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമസേന ആക്രമണം ആരംഭിച്ചതോടെ 13 ടാങ്കുകള്‍ ഉപേക്ഷിച്ച്‌ പലായനം ചെയ്‌തു.

78 വയസുകാരനായ ചാന്ദ്‌പുരി അര്‍ബുദത്തെ തുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. ഭാര്യയും മൂന്ന്‌ ആണ്‍മക്കളുമാണുള്ളത്‌. രാജ്യത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ധീരതാ മെഡലായ മഹാവീര്‍ ചക്രയ്‌ക്ക്‌ അദ്ദേഹം അര്‍ഹനായിട്ടുണ്ട്‌. 1997 ലെ സൂപ്പര്‍ഹിറ്റ്‌ ബോളിവുഡ്‌ സിനിമയായ ബോര്‍ഡര്‍ ചാന്ദ്‌പുരിയുടെ ലോംഗേവാല പോരാട്ടത്തിന്റെ കഥയാണ്‌ പറയുന്നത്‌.

ചിത്രത്തില്‍ സൂപ്പര്‍താരം സണ്ണി ഡിയോളാണ്‌ ചാന്ദ്‌പുരിയെ അവതരിപ്പിച്ചത്‌. ചെന്നൈയിലെ ട്രെയിനിങ്‌ അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ചാന്ദ്‌പുരി, പിന്നീട്‌ 23-മത് പഞ്ചാബ്‌ റെജിമെന്റിന്റെ കമാന്‍ഡറായി ചുമതലയേറ്റു. യു.എന്‍. സേനയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 

മൗവിലെ ഇന്‍ഫാന്‍ട്രി സ്‌കൂളില്‍ രണ്ടുവര്‍ഷം പരിശീലകനായും സേവനമനുഷ്‌ടിച്ചു. ബ്രിഗേഡിയര്‍ ചാന്ദ്‌പുരിയുടെ വിയോഗത്തില്‍ പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്‌ അനുശോചനം രേഖപ്പെടുത്തി.