മുംബൈ: 1993ലെ മുംബൈ സ്ഫോടനകേസിൽ അധോലോക കുറ്റവാളി അബുസലിം അടക്കം ആറുപ്രതികളെ മുംബൈയിലെ പ്രത്യേക ടാഡ കോടതി കുറ്റക്കാരായി കണ്ടെത്തി. അബദുൾ ഖയ്യൂം അൻസാരിയെ തെളിവില്ലെന്നുകണ്ട് വിട്ടയച്ചു. രാജ്യത്തിനെതിരെ കലാപമുണ്ടാക്കിയെന്ന പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം കോടതി എടുത്തുകളഞ്ഞു.
257പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണക്കേസിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചു സഞ്ജയ് ദത്തിന് ആയുധം കൈമാറി തുടങ്ങിയ കുറ്റങ്ങളാണ് അബൂസലീമിനെതിരെ തെളിഞ്ഞത്. വധ ശിക്ഷവരെ കിട്ടാവുന്ന കുറ്റമാണിത്. മുസ്തഫ ദോസ, അബ്ദുൾ റാഷിദ് ഖാൻ, താഹിർ മർച്ചന്റ്, കരീമുള്ള, റിയാസ് സിദ്ദീഖി എന്നിവരെ കുറ്റക്കാരായി കോടതി കണ്ടെത്തി. ഇവർക്കെതിരെയുള്ള ഗൂഡാലോചന കുറ്റം കോടതി ശരിവെച്ചു.
ആക്രമണം നടത്താൻ ദുബൈലും മുംബൈയിലുമായി ഗൂഡാലോചന നടത്തി, ആക്രമണം നടത്താൻ ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ ഇന്ത്യയിലെത്തിച്ചു, സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചു, വിതരണം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. രാജ്യത്തിനെതിരെ കലാപം സൃഷ്ടിച്ചുവെന്ന കുറ്റം കോടതി എടുത്തുകളഞ്ഞു. അബദുൾ ഖയ്യൂം അൻസാരിയെ തെളിവില്ലെന്ന് കണ്ട് പ്രത്യേക ടാഡാ കോടതി ജഡ്ജി ജിഎ സനാപ് വിട്ടയച്ചു.
പ്രതികൾക്ക് നൽകേണ്ട ശിക്ഷ സംബന്ധിച്ച വാദം അടുത്ത തിങ്കളാഴ്ച മുതൽ ആരംഭിക്കും. 1993 മാർച്ച് 12ന് ആയിരുന്നു മുംബൈയെ നടുക്കിയ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 257പേർ കൊല്ലപ്പെടുകയും, 700പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മുഖ്യസൂത്രധാരൻമാരിൽ ഒരാളായ യാക്കൂബ് മേമനെ രണ്ടുവർഷംമുൻപ് തൂക്കിലേറ്റി സ്ഫോടനം ആസൂത്രണം ചെയ്ത ദാവൂദ് ഇബ്രാഹീം ടൈഗർ മേമൻ എന്നിവർ പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുകയാണ്.
