Asianet News MalayalamAsianet News Malayalam

കാര്‍ഗിലില്‍ ഇന്ത്യന്‍ സൈന്യം നേടിയ വിജയത്തിന്‍റെ 19 വര്‍ഷം

  • പാക്കിസ്ഥാനെതിരായ വിജയത്തിന്‍റെ 19 വര്‍ഷം
  • കാര്‍ഗില്‍ വിജയ ദിവസം ആഘോഷിച്ച് രാജ്യം
19th anniversary of kargil war

പാക്കിസ്ഥാനില്‍ സൈന്യത്തിന്‍റെ രഹസ്യ പിന്തുണയോടെ ഇമ്രാന്‍ ഖാന്‍റെ തെഹ്‍രീഖ് ഇ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ഇന്ത്യയില്‍ ഇന്ന് മറ്റൊരു പ്രത്യേക ദിനം ആചരിക്കുകയാണ്; കാര്‍ഗില്‍ വിജയ ദിവസം. 
കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിച്ച് 19 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ് ഇന്ന്. പാക്കിസ്ഥാനെതിരായ യുദ്ധത്തിനൊടുവില്‍ 1999 ജൂലൈ 26 നാണ് ഇന്ത്യ വിജയം പ്രഖ്യാപിച്ചത്.  

കാര്‍ഗിലില്‍ നുഴഞ്ഞു കയറിയ മുഴുവന്‍ പാക്കിസ്ഥാന്‍ പട്ടാളത്തെയും അക്രമികളെയും തുരത്തിയായിരുന്നു ഇന്ത്യന്‍ പട്ടാളം വിജയക്കൊടി കുത്തിയത്. അന്ന് മുതല്‍ ജൂലൈ 26 ഇന്ത്യന്‍ ജനത കാര്‍ഗില്‍ വിജയ ദിവസമായി ആചരിച്ച് വരികയാണ്. ഇരു രാജ്യങ്ങളും ആണവായുധങ്ങള്‍ വികസിപ്പിച്ചതിന് ശേഷമുള്ള ആദ്യ യുദ്ധം കൂടിയായിരുന്നു ഇരു രാജ്യങ്ങള്‍ക്കും ഏറെ സമ്മര്‍ദ്ദം സൃഷ്ടിച്ച യുദ്ധത്തില്‍ പാക്ക് സൈന്യം പരാജയമായിരുന്നെങ്കിലും ഇതിന്‍റെ ബാക്കി പത്രമെന്നോണം മുഷറഫിന്‍റെ സൈന്യം പട്ടാള അട്ടിമറിയിലൂടെ ഒക്ടോബറില്‍ പാക്കിസ്ഥാന്‍ പിടിച്ചെടുക്കുകയായിരുന്നു. 

അന്നത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്‍റെ അറിവോ അനുവാദമോ ഇല്ലാതെയാണ് പാക് സൈന്യതലവനായിരുന്ന ജെനറല്‍ പര്‍വേസ് മുഷറഫ് ഇന്ത്യയ്ക്കെതിരെ യുദ്ധം നയിച്ചതെന്നാണ് പറയപ്പെടുന്നത്. ഇന്ത്യന്‍ അധീന കാശ്മീരിലേക്ക് പാക്ക് സൈന്യവും ഭീകരവാദികളും നുഴഞ്ഞുകയറിയതോടെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. നുഴഞ്ഞുകയറിയവര്‍ അതിര്‍ത്തിയിലെ പ്രധാന പ്രദേശങ്ങളില്‍ താവളമുറപ്പിച്ചത് ആദ്യം ആക്രമണം അവര്‍ക്ക് അനുകൂലമാക്കി. 

ശൈത്യകാലം കടക്കുന്നതോടെ ഇരുരാജ്യങ്ങളും അതിര്‍ത്തിയിലെ കാവല്‍ തുറകള്‍ ഉപേക്ഷിക്കും. ശൈത്യം അവസാനിച്ച് വസന്തമാകുന്നതോടെ കാവല്‍ തുറകളിലേക്ക് സൈന്യം തിരിച്ച് വരും. ഇതാണ് വര്‍ഷങ്ങളായി നടന്നുവരുന്നത്. എന്നാല്‍ ആ വര്‍ഷം പാക് സൈന്യം ദിവസങ്ങള്‍ക്ക് മുമ്പ് കാവല്‍ തുറകളില്‍ തിരിച്ചെത്തുകയും ഇന്ത്യന്‍ കാവല്‍ത്തുറകള്‍ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഇത് അറിയാന്‍ ഏറെ വൈകി. 

ആട്ടിടയന്മാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന്  പട്രോളിനിറങ്ങിയ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തോടെ അതിര്‍ത്തിയിലെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകുകയായിരുന്നു. പാക് നീക്കം തിരിച്ചറിഞ്ഞ ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയത് 2 ലക്ഷം സേനാംഗങ്ങളെ ഉള്‍പ്പെടുത്തി ' ഓപ്പറേഷന്‍ വിജയ് ' എന്ന ദൗത്യത്തിന് തുടക്കമിട്ടാണ്. 

ഇന്ത്യയുടെ രണ്ട് യുദ്ധവിമാനങ്ങളെയാണ് ആദ്യം പാക്കിസ്ഥാന്‍ വെടിവച്ച് വീഴ്ത്തിയത്. ഇതിനിടയില്‍ ഒരു യുദ്ധവിമാനം തകര്‍ന്ന് വീണു. യുദ്ധം മുറുകിയതോടെ പാക്കിസ്ഥാന്‍ അമേരിക്കയുടെ അന്നത്തെ പ്രസിഡന്‍റ് ആയിരുന്ന ബില്‍ ക്ലിന്‍റന്‍റെ സഹായം തേടിയെങ്കിലും അദ്ദേഹം നിരസിച്ചു. ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രത്യാക്രമണത്തില്‍ നിലതെറ്റിപ്പോയ പാക്ക് സൈന്യം ഒടുവില്‍ നിയന്ത്രണ രേഖയില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. 

ഇതോടെ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന്‍റെ ബാക്കി വന്ന കാവല്‍ തുറകളും ആക്രമിച്ചു. ജൂലൈ അവസാനത്തോടെ മുഴുവന്‍ പാക് സൈന്യത്തെയും ഭീകരവാദികളെയും തുരത്തിയതായി ഉറപ്പുവരുത്തി.  തുടര്‍ന്ന് 1999 ജൂലൈ 26 ന് ഇന്ത്യന്‍ ഭരണകൂടം ദൗത്യം വിജയിച്ചതായി പ്രഖ്യാപിച്ചു. 72 ദിവസം നീണ്ടുനിന്ന പുകച്ചിലുകള്‍ക്കൊടുവിലാണ് നിരവധി പേരുടെ ജീവന്‍ ബലികഴിച്ച് രാജ്യം യുദ്ധത്തില്‍ വിജയം നേടിയത്. 

ആദ്യം യുദ്ധത്തിലെ തങ്ങളുടെ പങ്ക് പാക്കിസ്ഥാന്‍ നിഷേധിക്കുകയും ഇന്ത്യ, 'കാശ്മീര്‍ സ്വാതന്ത്ര്യ പോരാളി'കളോടാണ് ഏറ്റുമുട്ടിയതെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് യുദ്ധത്തില്‍ പങ്കെടുത്ത പാക് ജവാന്‍മാരുടെ മെഡലുകള്‍ ഇന്ത്യ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാന്‍റെ പങ്ക് സംശയാധീതമായി തെളിയിക്കപ്പെട്ടത്. 

ഔദ്യോഗിക കണക്കുകള്‍ പ്രകാരം കാര്‍ഗില്‍ യുദ്ധത്തില്‍ കൂടുതല്‍ നഷ്ടം സംഭവിച്ചത് ഇന്ത്യന്‍ സൈന്യത്തിനായിരുന്നു. 527 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. 357 നും 453 നും ഇടയില്‍ പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും എത്രയോ അധികമായിരിക്കുമെന്നാണ് വിലയിരുത്തല്‍.  

Follow Us:
Download App:
  • android
  • ios