
കൊല്ലം മുഖത്തലയില്‍ സ്‌കൂളിലെ മണ്‍തൂണ്‍ തകര്‍ന്ന് വീണാണ് വിദ്യാര്‍ത്ഥി മരിച്ചത്. എംഎച്ച്ടിഎച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി നിശാന്താണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം കൈകഴുകാനായി ക്ലാസിന് താഴെയുള്ള മറ്റൊരു കെട്ടിടത്തിന്റെ ഭാഗത്തക്ക് വരവെയാണ് നിശാന്ത് അപകടത്തില്‍പ്പെട്ടത്. മഴ വെള്ളം കിടന്നതിനാല്‍ വരാന്തയില്‍ കയറാനായി തൂണില്‍ പിടിച്ചപ്പോള്‍ മഴനനഞ്ഞ് കുതിര്‍ന്നിരുന്ന വര്‍ഷങ്ങളോളം പഴക്കമുള്ള മണ്‍തൂണ്‍ പെട്ടെന്ന് നിലംപതിക്കുകയായിരുന്നു. നിശാന്തിന്റെ തലയിലും ദേഹത്തുമായി കൂറ്റന്‍ മണ്‍കഷണങ്ങള്‍ വീണു കുട്ടി തല്‍ക്ഷണം മരിക്കുകയായിരുന്നു. കൊല്ലത്തെ മറ്റൊരു സ്‌കൂളില്‍ പഠിച്ചിരുന്ന നിശാന്ത് എട്ടാംക്ലാസില്‍ ചേരാന്‍ ഇന്നാണ് മുഖത്തലയിലെ സ്‌കൂളിലെത്തിയത്. കൃത്യമായ അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാലാണു ദുരന്തമുണ്ടായതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിശാന്തിന്റെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മുഖത്തല പാങ്കോണം സ്വദേശികളായ രവീന്ദ്രന്‍ ബിന്ദു ദമ്പതികളുടെ മകനാണ് 13 വയസുകാരനായ നിശാന്ത്.
കോഴിക്കോട് ബേപ്പൂര്‍ പോര്‍ട്ടിലെ ഉദ്യോഗസ്ഥനായ നജ്മല്‍ ബാബുവിന്റെയും നബിഷയുടെയും മകളായ നുജാ നഷ്‌റയാണ് ഓട്ടോറിക്ഷ മറിഞ്ഞു മരിച്ചത്. ചെറുവണ്ണൂര്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലേക്ക് നുജ ഉള്‍പ്പടെ അഞ്ചു വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാനായി ഓട്ടോ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. നുജയുടെ സഹോദരി ഉള്‍പ്പടെയുള്ള മറ്റു കുട്ടികളും അപകടത്തില്‍പ്പെട്ടെങ്കിലും അവരുടെ പരിക്ക് നിസാരമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
