ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ജനവാസമേഖലകളെ ലക്ഷ്യമാക്കി നടത്തിയ ഷെല്ലാക്രമണത്തിലും വെടിവെപ്പിലും രണ്ട് സാധാരണകാര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പാക്ക് ആക്രമണത്തിനു മറുപടിയായി ബിഎസ്എഫും തിരിച്ചടിച്ചു. വെടിവെപ്പില്‍ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അതിര്‍ത്തിയോട് ചേര്‍ന്ന് നിരവധി കന്നുകാലികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു. ആര്‍എസ് പുര, അമിയ, റാംഗര്‍ എന്നീ മേഖലകളില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് മണിക്കൂറുകളോളം വെടിവെപ്പും ഷെല്ലിങ്ങും നടത്തിയതായി ബിഎസ്എഫ് അറിയിച്ചു. 24 മണിക്കൂറിനിടെ പാക് വെടിവെപ്പില്‍ നാലു പേരാണ് മരിച്ചത്. ഇതില്‍ ഒരു ബിഎസ്എഫ് കോണ്‍സറ്റബിളും 17 വയസുകാരിയും ഉള്‍പ്പെടും. 

40ഓളം അതിര്‍ത്തികളിലെ ഔട്ട്‌പോസ്റ്റുകള്‍ ലക്ഷ്യമാക്കി 82 എംഎം, 52 ഓളം മോര്‍ട്ടാര്‍ ബോംബുകള്‍ എന്നിവയാണ് പ്രയോഗിച്ചത്. മേഖലകളില്‍ ഇപ്പോഴും വെടിവയ്പ്പു തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. കനത്ത വെടിവയ്പ്പിനെ തുടര്‍ന്ന് മേഖലയില്‍ നിന്ന് ആയിരത്തോളം പേര്‍ കുടിയൊഴിയുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു. ഇന്നലെ പാക്കിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു പെണ്‍കുട്ടിയും ബിഎസ്എഫ് ജവാനും കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.