അഹ്മദാബാദ്: മുകേശ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ കീഴില്‍ ഗുജറാത്തിലെ ജാം നഗറില്‍ പ്രവര്‍ത്തിക്കുന്ന എണ്ണ ശുദ്ധീകരണ ശാലയില്‍ വന്‍ തീപിടുത്തം. രണ്ട് പേര്‍ മരണപ്പെട്ടെന്നും എട്ട് പേര്‍ക്ക് പൊള്ളലേറ്റെന്നുമാണ് വിവരം. കമ്പനിയുടെ ഫയര്‍ ബ്രിഗേഡ് ഉടന്‍ തന്നെ തീയണച്ചെന്നാണ് റിലയന്‍സ് അവകാശപ്പെടുന്നത്. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുകയാണെന്നും കമ്പനി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെയോ പൊലീസ്, ഫയര്‍ ഫോഴ്സ് വിഭാഗങ്ങളുടെയോ ഔദ്ദ്യോഗിക വിശദീകരണമൊന്നും ഉണ്ടായില്ല.
പ്ലാന്റിലെ ഫ്ലൂയിഡ് കാറ്റലിറ്റിക് ക്രാക്കിങ് യൂണിറ്റിലാണ് ഇന്ന് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. പ്രതിദിനം 660,000 ബാരല്‍ ഉത്പാദനം നടത്തിയിരുന്ന പ്ലാന്റാണിത്. പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് തീപിടുത്തമുണ്ടായതെന്നാണ് റിലയന്‍സ് അറിയിക്കുന്നത്.
