ഷൊര്‍ണൂര്‍: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ച നിലയിൽ. ഹോസ്റ്റലിലെ പീ‍ഡനം മൂലമാണ് ആത്മഹത്യാ ശ്രമമെന്ന് പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. വൈകീട്ട് 6.15 ഓടെ പെൺകുട്ടികൾ ഫ്രൂട്ടിയിൽ വിഷം ചേർത്ത് റെയിൽവേ സ്റ്റേഷനിലിരുന്നു കഴിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. എലി വിഷം ചേർത്ത പാനീയം പാതിയോളം കഴിച്ച ശേഷം കുട്ടികൾ തന്നെയാണ് ഇൻഫർമേഷൻ കൗണ്ടറിലെത്തി വിവരം പറയുന്നത്.

കുട്ടികളെ ഉടൻ തന്നെ റെയിൽവേ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടികളുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും, 48 മണിക്കൂറിനു ശേഷമേ അപകട നില തരണം ചെയ്തോയെന്ന് പറയാനാകൂ എന്നും ആശുപത്രി അധികൃതർ പറഞ്ഞു.

വടകര സ്വദേശികളാണ് കോയമ്പത്തൂരിലെ ഒന്നാം വർഷ എംബിഎ വിദ്യാർത്ഥികളായ പെൺകുട്ടികൾ. ഹോസ്റ്റലിലെ പീഡനം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പോലീസിന് പെൺകുട്ടികൾ നൽകിയ മൊഴി. ഷൊർണൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.