പാലക്കാട്: പാലക്കാട് മണ്ണാർക്കാടിനടുത്ത ആര്യമ്പാവിൽ റോഡരുകിൽ വൃദ്ധയുടെ മൃതശരീരം കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളി‍ഞ്ഞു.വൃദ്ധയുടെ കൊച്ചുമകൻ ബഷീറിനെയും ഭാര്യ ഫാസിലയെയും പൊലീസ് അറസ്റ്റ് ചെയ്തു. 24 ന് രാത്രിയിലായിരുന്നു ആര്യമ്പാവ് സ്വദേശിനി നബീസയുടെ മൃതശരീരം റോഡരികിൽ കണ്ടെത്തിയത്.

വാഹനമിടിച്ച് മരിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും മൃതദേഹത്തിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതാണ് കൊലപാതകമാണന്ന സംശയത്തിലേക്ക് എത്തിച്ചത്. സമീപത്ത് തന്നെ വിഷകുപ്പിയും ഉണ്ടായിരുന്നു.മരിച്ച നിലയിൽ കണ്ടത്തുന്നതിന് രണ്ട് ദിവസം മുൻപ് ബന്ധുവീട്ടിൽ നോമ്പ് തുറക്കാനായി നബീസ പോയിരുന്നു. പിന്നീട് ഇവരെകുറിച്ച് വിവരം ഉണ്ടായിരുന്നില്ല. കൊച്ചുമകൻ ബഷീർ ഇവരെ തന്റെ വാടക വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി ഭാര്യ ഫാസിലക്കൊപ്പം ചേർന്ന് വിഷം നൽകി കൊലപെടുത്തുകയായിരുന്നു.

22 ന് രാത്രി കൊലപെടുത്തിയ ശേഷം ഒരു ദിവസം വീട്ടിൽ സൂക്ഷിച്ച മൃതദേഹം വാടകക്ക് എടുത്ത കാറിൽ അടുത്ത ദിവസം റോഡരികിൽ ഉപേക്ഷിച്ചു.മൂന്ന് വർഷം മുൻപ് ഫാസിലയുടെ 42 പവൻ സ്വർണാഭരണം വീട്ടിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. ഇത് നബീസ എടുത്താണെന്ന് ഫാസില ബഷീറിനെ വിശ്വസിപ്പിച്ചു. സ്വർണം നഷ്ടപ്പെട്ടതിന് പിന്നാലെ ബഷീറിനെയും ഫാസിലയെയും വീട്ടിൽ നിന്ന് പുറത്താക്കി. ഇതാണ് നബീസയോട് ബഷീറിന് വൈരാഗ്യം ഉണ്ടാക്കാൻ ഇടയാക്കിയത്

സ്വർണം താൻ എടുത്തതാണെന്നും രോഗിയാണെന്നും നബീസയുടേതെന്ന പേരിൽ ഇരുവരും ചേർന്ന് തയ്യാറാക്കിയ ആത്മഹത്യാകുറിപ്പിൽ രേഖപെടുത്തിയിരുന്നു.അക്ഷരാഭ്യാസമില്ലാത്ത നബീസ ആത്മഹത്യാകുറിപ്പ് തയ്യാറാക്കിയതാണ് കേസിൽ വഴിത്തിരിവായത്. അതേസമയം നഷ്ടപ്പെട്ട സ്വര്‍ണാഭരണം മറ്റാർക്കെങ്കിലും ഫാസില നൽകിയതാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി.