തുര്‍ക്കി നഗരമായ ഇസ്താംബൂളില്‍ പുതുവത്സരാഘോഷങ്ങള്‍ക്കിടെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 16 വിദേശികളടക്കം 39 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ രണ്ട് ഇന്ത്യക്കാരുമുണ്ട്. മുംബൈ സ്വദേശിയും രാജ്യസഭ മുൻ എംപിയുമായ അക്തര്‍ ഹസൻ റിസ്‍വിയുടെ മകനും അബീസ് റിസ്‍വി, ഗുജറാത്ത് സ്വദേശിനി ഖുഷി ഷാ എന്നിവരാണ് മരിച്ചത്. റിസ്‍വി ബിൽഡേഴ്സിന്‍റെ സിഇഒയും ബോളിവുഡ് സിനിമ നിര്‍മ്മാതാവുമാണ് അബീസ് റിസ്‍വി. കേന്ദ്ര വിദേശകാര്യമന്ത്രി സുഷ്മ സ്വരാജാണ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

തുര്‍ക്കിയിൽ നിന്ന് ഒരു ദു:ഖ വാര്‍ത്ത അറിയിക്കാനുണ്ടെന്ന് സന്ദേശത്തിൽ വ്യക്തമാക്കിയാണ് സുഷമ സ്വരാജിന്‍റെ ട്വീറ്റ്. രണ്ട് ഇന്ത്യക്കാരുടെ ജീവൻ തുര്‍ക്കിയിൽ ഭീകരാക്രമണത്തിൽ നഷ്ടമായി. തുര്‍ക്കിയിലെ ഇന്ത്യൻ അംബാസഡര്‍ ഭീകരാക്രമണം നടന്ന ഇസ്താംബൂളിലെ ഒര്‍ട്ടാക്കോയ് മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. മരിച്ചവരിൽ മുംബൈ സ്വദേശി അബിസ് റിസ്‍വി മുൻ രാജ്യസഭ എംപിയുടെ മകനാണെന്നും സുഷമാ സ്വരാജ് ട്വിറ്ററിൽ വ്യക്തമാക്കുന്നുണ്ട്. മരിച്ച രണ്ടാമത്തേത് ഖുഷി ഷാ എന്ന സ്ത്രീയാണെന്നും ഗുജറാത്ത് സ്വദേശിയാണെന്ന വിവരവും കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്. എന്തായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇസ്താംബൂളിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ മേൽനോട്ടത്തിലാണ് നിരീക്ഷണം. ഇസ്താംബൂളിലെ ഇന്ത്യൻ സ്ഥാനപതിയെ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.