കാസര്‍കോട്: ബദിയടുക്കയില്‍ സദാചാര പൊലീസ് ചമഞ്ഞ് പെണ്‍കുട്ടിയേയും സഹോദരനേയും അക്രമിച്ച കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂക്കന്‍പാറ സ്വദേശികളായ രൂപേഷ്,മിഥുന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

രാവിലെ പൊലീസ് സ്‌റ്റേഷനിലെത്തി ഇരുവരും കീഴടങ്ങുകയായിരുന്നു. സദാചാര പൊലീസ് ചമഞ്ഞ് പെണ്‍കുട്ടിയേയും സഹോദരനേയും അക്രമിച്ച സംഭവം വിവാദമായതോടെ ഇവര്‍ക്കുമെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ് എടുത്തിരുന്നു. പ്രതികളെ പിടികൂടാന്‍ വൈകുന്നുവെന്നാരോപിച്ച് സി.പി.ഐ എം പൊലീസിനെതിരെ രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് പ്രതികള്‍ കീഴടങ്ങിയത്. ഇതിനിടെ പ്രതികളിലൊരാളായ രൂപേഷിന്റെ വീട്ടിലെ രണ്ട് വളര്‍ത്തുനായ്ക്കളെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെയാണ് വീട്ടുകാര്‍ നായ്ക്കളെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടത്. സി.പി.ഐ എം പ്രവര്‍ത്തകരാണ് നായ്ക്കളെ കൊന്നതെന്നുകാണിച്ച് രൂപേഷിന്റെ അച്ഛന്‍ രവി ഷെട്ടി ബദിയടുക്ക പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച്ച വൈകുന്നേരം അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയോടൊപ്പം ലഘുഭക്ഷം കഴിച്ചെന്നാരോപിച്ച് സദാചാരപൊലീസ് ചമഞ്ഞ് ബി.എഡ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചകേസിലും പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികളായ ആറ് പേരേയും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവര്‍ ഒളിലിലാണ്.