തിരുവനന്തപുരം: കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാനാകാത്ത വിധം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന് വിവിധ ആശുപത്രികളിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടു മൃതദേഹങ്ങള്‍ കൂടി ഡി.എന്‍.എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. ശ്രീചിത്ര മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പൂന്തുറ, ചെറിയമുട്ടം, ടി.സി. 69/1665 ജയിംസ് (41), മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന തമിഴ്‌നാട് കൊല്ലംകോട്, നീരോടി, കോവില്‍വിളാകം ജോണ്‍സണ്‍ (58) എന്നിവരേയാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ ബുധനാഴ്ച ബന്ധുക്കള്‍ ഏറ്റുവാങ്ങും. മെഡിക്കല്‍ കോളേജില്‍ ഇനി മൃതദേഹങ്ങള്‍ തിരിച്ചറിയാനില്ല. ഇതുവരെ 19 പേരെയാണ് മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു വന്നത്. ഒരാള്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞിരുന്നു.