ഏതാണ്ട് പത്ത് പേരടങ്ങുന്ന സംഘമാണ് ട്രെക്കിംഗിനായി കൊലഹോയിലെത്തിയത്. നടന്നുനീങ്ങുന്നതിനിടെ കാല്‍ വഴുതി മലയിടുക്കിലേക്ക് മൂന്ന് പേര്‍ വീഴുകയായിരുന്നു 

ശ്രീനഗര്‍: സാഹസിക യാത്രികര്‍ ഏറെയെത്താറുള്ള കൊലഹോയ് ഹിമപ്പരപ്പില്‍ ട്രെക്കിംഗ് യാത്രികരായ രണ്ട് യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. കശ്മീര്‍ സ്വദേശികളായ നവീദ് ജീലാനി, ആദില്‍ ഷാ എന്നിവരാണ് മരിച്ചത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഏതാണ്ട് പത്ത് പേരടങ്ങുന്ന സംഘമാണ് ട്രെക്കിംഗിനായി കൊലഹോയിലെത്തിയത്. നടന്നുനീങ്ങുന്നതിനിടെ കാല്‍ വഴുതി മലയിടുക്കിലേക്ക് മൂന്ന് പേര്‍ വീഴുകയായിരുന്നു. നവീദും ആദിലും ആഴത്തില്‍ താഴേക്ക് പതിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം ഇതുവരെ പുറത്തെടുത്തിട്ടില്ല. ഇതിനായി ദുരന്തനിവാരണ സേനയുടെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യോമസേനയുടെയും ആര്‍മിയുടെയും സഹായവും തേടുന്നുണ്ട്. 

ഹിമാലയന്‍ നിരകളുടെ ഭാഗമായ കൊലഹോയ് സാഹസിക ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രമാണ്. കശ്മീരിലെ അനന്ത്‌നാഗിലാണ് കൊലഹോയ് സ്ഥിതി ചെയ്യുന്നത്.