ചെന്നൈ: മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിനിയുള്‍പ്പടെ രണ്ട് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കെമിസ്ട്രി വിഭാഗത്തിലെ പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ഥിനിയെയും ഫിസിക്‌സ് വിഭാഗത്തിലെ അധ്യാപകന്റെ ഭാര്യയുമാണ് മരിച്ചത്. പോണ്ടിച്ചേരി സ്വദേശിയായ വിദ്യാര്‍ഥിനി മഹേശ്വരിയെ ക്യാംപസിലെ വനിതാ ഹോസ്റ്റലായ സബര്‍മതിയിലും ഫിസിക്‌സ് വിഭാഗത്തിലെ അധ്യാപകന്റെ ഭാര്യയായ വിജയലക്ഷ്മിയെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലുമാണ് മരിച്ച നിലയില്‍ കണ്ടത്.
രണ്ട് മരണങ്ങളും തമ്മില്‍ ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ച മഹേശ്വരിക്ക് ആറ് വയസ്സുള്ള ഒരു മകളുണ്ട്. വൈകിട്ട് അഞ്ചരയോടെയാണ് ക്യാംപസിലെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മഹേശ്വരി ആത്മഹത്യ ചെയ്തത്. വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലമാണ് ആത്മഹത്യയെന്നാണ് പൊലീസിന് ലഭിച്ച സൂചന. വൈകിട്ടു തന്നെയാണ് വീട്ടമ്മയായിരുന്ന വിജയലക്ഷ്മിയെയും ക്യാംപസിലെ അക്കാദമിക് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടത്.
ഇത് ആത്മഹത്യയാണോ സ്വാഭാവികമരണമാണോ എന്ന കാര്യം പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അഡയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നും മരിച്ച ഇരുവരുടെയും കുടുംബങ്ങളെ വിവരമറിയിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് പൂര്‍ണപിന്തുണ നല്‍കുമെന്നും മദ്രാസ് ഐഐടി അധികൃതര്‍ അറിയിച്ചു.
