മകളിലെ പ്രതിഭ തിരിച്ചറിഞ്ഞ ഉര്‍വ്വശി ഏഴാം മാസത്തില്‍ തന്നെ അവളെ പരിശീലിപ്പിച്ച് തുടങ്ങി

ദില്ലി: ഹരിയാനയിലെ പഞ്ചുക്ല സ്വദേശിയായ മീത് അമര്യ ഗുലാത്തി ഏഴാം മാസം മുതല്‍ക്ക് തന്നെ തന്നിലെ പ്രതിഭയെ പുറത്തെടുത്തിരുന്നു. അവളുടെ പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞ അമ്മ ഉര്‍വ്വശി ഗുലാത്തി തന്നെയായിരുന്നു ആദ്യ ഗുരുവും. 

കാര്യമായ സംസാരങ്ങളൊന്നും തുടങ്ങിയിട്ടില്ലെങ്കിലും ഒരു വയസ്സാകും മുമ്പേ തന്നെ മകള്‍ക്ക് സൂക്ഷ്മമായ ഓര്‍മ്മ ശക്തിയുണ്ടെന്ന് ഉര്‍വ്വശി തിരിച്ചറിഞ്ഞത് മുതലാണ് മീത് നാട്ടില്‍ അറിയപ്പെട്ട് തുടങ്ങിയത്. എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു മീതിന്റെ പ്രകടനം. 

അമ്മ പഠിപ്പിച്ചത് വള്ളിപുള്ളി വിടാതെ മീത് എത്ര വേണമെങ്കിലും ആവര്‍ത്തിക്കും. അമ്മ തന്നെയാണ് അവളെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേര് പറഞ്ഞുപഠിപ്പിച്ചതും. എല്ലാ സംസ്ഥാനങ്ങളുടേയും പേര് മീത് വളരെ വേഗത്തില്‍ തന്നെ പഠിച്ചു. സംസ്ഥാനങ്ങളുടെ പേരുകള്‍ മാത്രമല്ല. അവയുടെയെല്ലാം തലസ്ഥാനങ്ങളുടെ പേരും മീതിന് കാണാപ്പാഠം.

ഇപ്പോള്‍ ഒരേ ഒരു മിനുറ്റ് കൊണ്ട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടേയും പേര് മീത് പറഞ്ഞുതീര്‍ക്കും. നാടും കടന്ന് മീതിന്റെ പ്രതിഭ പ്രശസ്തമായി. അങ്ങനെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പേര് പറയുന്ന ഇന്ത്യക്കാരിയായ ഏറ്റവും ചെറിയ വ്യക്തിയെന്ന ലോക റെക്കോര്‍ഡ് മീതിന് സ്വന്തമായിരിക്കുകയാണ്. 

സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും മാത്രമല്ല, ഗായത്രി മന്ത്രവും മഹാ മൃത്യുഞ്ജയ മന്ത്രവുമെല്ലാം വ്യക്തമായി ചൊല്ലാനും കൊച്ചുമീതിനറിയാം. മകളുടെ പ്രതിഭ ഇനിയും ലോകം മുഴുവന്‍ എത്തണമെന്നാണ് അമ്മ ഉര്‍വ്വശിയുടെ ആഗ്രഹം. ഇന്റര്‍ നാഷണല്‍ മത്സരങ്ങളിലും ടിവി ഷോകളിലുമെല്ലാം മീത് തിളങ്ങുമെന്ന് തന്നെയാണ് കുടുംബം പ്രതീക്ഷിക്കുന്നത്.


Scroll to load tweet…