ദില്ലി: ഇരുപത് എംഎല്‍എ മാരെ അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി ദില്ലി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി ഫയല്‍ചെയ്തു. ഹര്‍ജി കോടതി നാളെ പരിഗണിക്കും. 

Add Asianetnews as a Preferred SourcegooglePreferred

ഇരട്ടി പദവി ചൂണ്ടിക്കാട്ടി അയോഗ്യത കല്‍പ്പിച്ച തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദ്യം ഹര്‍ജി നല്‍കിയത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയതെന്നും എംഎല്‍എമാര്‍ പ്രതിഫലം കൈപ്പറ്റാതെയാണ് പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനം വഹിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഇതിനിടെ കമീഷന്റെ നടപടി അംഗീകരിച്ചു കൊണ്ട് ഞായറാഴ്ച രാഷ്ട്രപത്രി വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ സാഹചര്യത്തില്‍ ആദ്യ ഹര്‍ജി പിന്‍വലിച്ചു കൊണ്ടു പുതുക്കിയ ഹര്‍ജി നല്‍കുകയായിരുന്നു. പാര്‍ലമെന്ററി സെക്രട്ടറിമാരായി എം എല്‍ എമാരെ നിയമിച്ചത് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ഇരട്ടപദവിയാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ കണ്ടെത്തല്‍.