സിജെപിയുടെ മാർച്ചിന് നേരേയുണ്ടായ പൊലീസ് അതിക്രമം ചോദ്യംചെയ്തുള്ള ഹർജികളിൽ കേന്ദ്രസർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും പ്രതികരണം തേടി ഡൽഹി ഹൈക്കോടതി. ബുധനാഴ്ച ഹർജികൾ പരി​ഗണിച്ചശേഷമാണ് ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസ് അയച്ചത്.

ന്യൂഡൽഹി: സിജെപിയുടെ മാർച്ചിന് നേരേയുണ്ടായ പൊലീസ് അതിക്രമം ചോദ്യംചെയ്തുള്ള ഹർജികളിൽ കേന്ദ്രസർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും പ്രതികരണം തേടി ഡൽഹി ഹൈക്കോടതി. ബുധനാഴ്ച ഹർജികൾ പരി​ഗണിച്ചശേഷമാണ് ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസ് അയച്ചത്. നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ക്യാമറ, ബോഡിക്യാം ദൃശ്യങ്ങളടക്കം എല്ലാ ദൃശ്യങ്ങളും സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജി ഇനി സെപ്റ്റംബർ 11-ന് വീണ്ടും പരി​ഗണിക്കും.

വിദ്യാർഥികളുടെ സമരത്തിന് നേരേ പൊലീസ് നരനായാട്ട് നടത്തിയെന്ന് ആരോപിച്ചാണ് വിവിധ ഹർജികൾ കോടതിയിൽ ഫയൽചെയ്തിരുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് ആണ് ബുധനാഴ്ച ഈ ​ഹർജികൾ പരി​ഗണിച്ചത്. ഹർജി പരി​ഗണിച്ചപ്പോൾ രൂക്ഷമായ വാദപ്രതിവാദമാണ് നടന്നത്.

വിദ്യാർഥികൾക്ക് നേരേ പൊലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണെന്നായിരുന്നു ​ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം. പെൺകുട്ടികളെ ഉൾപ്പെടെ ഉപദ്രവിച്ചു. അവരുടെ സ്വകാര്യഭാ​ഗങ്ങളിലടക്കം മർദനമേറ്റു. ബാഡ്ജ് ധരിക്കാത്ത പൊലീസുകാരാണ് അതിക്രമങ്ങൾ നടത്തിയതെന്നും ഇതിന് തെളിവായി 110 വീഡിയോകൾ കൈവശമുണ്ടെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ എൻ ഹരിഹരനും വികാസ് സിങ്ങും കോടതിയിൽ പറഞ്ഞു. എന്നാൽ, ഹർജിക്കാരുടെ വാദങ്ങളെ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് രാജു എതിർത്തു. ജനക്കൂട്ടം അക്രമാസക്തരായെന്നും പൊലീസുകാർക്കടക്കം പരിക്കേറ്റതായും അദ്ദേഹം കോടതിയെ അറിയിച്ചു. മാത്രമല്ല, ഈ ഹർജികൾ വെറും പൊതുജനശ്രദ്ധയ്ക്കും പബ്ലിസിറ്റിക്കും വേണ്ടിയാണെന്നും അഡീ. സോളിസിറ്റർ ജനറൽ വാദിച്ചു. എന്നാൽ, ഇത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയാണെന്ന് നിങ്ങൾക്ക് എങ്ങനെ പറയാനാകുമെന്നായിരുന്നു ചീഫ് ജസ്റ്റിന്റെ മറുചോദ്യം. തുടർന്ന് പൊലീസുകാർക്ക് പരിക്കേറ്റതിന്റെ ഉൾപ്പെടെ വീഡിയോ തങ്ങളുടെയും കൈവശമുണ്ടെന്ന് അഡീ. സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. ഒടുവിൽ രൂക്ഷമായ വാദപ്രതിവാദത്തിന് ശേഷമാണ് ഹൈക്കോടതി കേന്ദ്രസർക്കാരിനും ഡൽഹി പൊലീസിനും ഡൽഹി സർക്കാരിനും നോട്ടീസ് അയച്ചത്.