ലക്‌നൗ: ഉത്തര്‍പ്രദേശിൽ വീണ്ടും ട്രെയിൻ ദുരന്തം. പുരിയിൽ നിന്ന് ഹരിദ്വാറിലേക്ക് പോയ ഉത്കൽ എക്സ്പ്രസ് മുസഫര്‍നഗറിൽ പാളം തെറ്റിമറിഞ്ഞു. 20 പേര്‍ മരിച്ചു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കേന്ദ്ര റെയിൽവെ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
രാത്രി 9 മണിക്ക് ഹരിദ്വാറിൽ എത്തേണ്ടിയിരുന്ന കലിംഗ-മുദ്ഗൽ എക്‌സ്‌പ്രസാണ് ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിനടുത്ത് കാട്ടുവാലിയയിൽ വൈകീട്ട് ആറുമണിയോടെ പാളം തെറ്റിമറിഞ്ഞത്. പത്ത് ബോഗികൾ പാളത്തിൽ നിന്ന് തെറിച്ചുപോയി. ഒരു ബോഗി മറ്റൊരു ബോഗിയുടെ മുകളിലേക്ക് മറിഞ്ഞു. പാളത്തിൽ നിന്ന് തെറിച്ചുപോയ ബോഗികളിൽ ചിലത് സമീപത്തുള്ള വീടുകളിലേക്കും ഇടിച്ചുകയറി. പുരിയിൽ നിന്ന് ഹരിദ്വാറിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകരാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും. അപകടം നടന്ന് ഏറെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനായത്. തകര്‍ന്ന ബോഗികളിൽ നിന്ന് പലരെയും പുറത്തെടുക്കാൻ ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് ബോഗികളുടെ ഭാഗങ്ങൾ മുറിച്ചുമാറ്റേണ്ടിവന്നു. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും അഗ്നിശമന സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയും തള്ളിക്കളയുന്നില്ല. തീവ്രവാദ വിരുദ്ധസേനയും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരുന്ന പാളത്തിലൂടെ ട്രെയിൻ വന്നതെന്ന് പ്രദേശവാസികൾ പറയുന്നു. കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളിൽ ഉത്തര്‍പ്രദേശിൽ കാണ്‍പൂരിലടക്കം ട്രെയിനപടകങ്ങള്‍ ഉണ്ടായി. നവംബറിൽ കാണ്‍പൂരിലുണ്ടായ അപകടത്തിൽ 150 ലധികം പേര്‍ക്കാണ് ജീവൻ നഷ്ടമായത്. പിന്നീടും നിരവധി അപകടങ്ങൾ ഉണ്ടായി. റെയിൽസുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത ഇല്ലാത്തതുതന്നെയാണ് ഇത്തരം അപകടങ്ങൾ ആവര്‍ത്തിക്കാൻ കാരണം.
