ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ കര്‍ഷകരുടെ ധര്‍ണയിലേക്ക് ലോറി പാഞ്ഞുകയറി 20 പേര്‍ കൊല്ലപ്പെട്ടു. ചിറ്റൂരിലെ യെര്‍പെടു പൊലീസ് സ്റ്റേഷന് മുന്നില്‍ മണല്‍ മാഫിയക്കെതിരെ സമരം ചെയ്യുകയായിരുന്ന കര്‍ഷകരാണ് അപകടത്തില്‍പ്പെട്ടത്. ലോറിയിടിച്ച് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് നിരവധി പേര്‍ കൊല്ലപ്പെട്ടത്. ഉച്ചയ്‌ക്കുശേഷം രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.

യെര്‍പെടു പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രദേശത്തെ മണല്‍ മാഫിയക്കെതിരെ ധര്‍ണ നടത്തുകയായിരുന്നു നൂറു കണക്കിന് കര്‍ഷകര്‍. മാഫിയക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വിവിധ സംഘടനകളുടെ കുത്തിയിപ്പ് സമരം. ധര്‍ണ പുരോഗമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ടെത്തിയ ലോറിഅപകടം വിതച്ചത്.ആദ്യം സ്റ്റേഷന് മുന്നിലെ വൈദ്യൂതി തൂണിലിടിച്ച ലോറി സമീപത്തെ കടകളും വാഹനങ്ങളും തകര്‍ത്ത് കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറി.

വൈദ്യുതി കമ്പി പൊട്ടി വീണ് ഷോക്കേറ്റാണ് പകുതിയിലധികം പേരും മരിച്ചത്. അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ തിരുപ്പതിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.അപകടം നടന്നയുടന്‍ ലോറി ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. നിറയെ ലോഡുമായെത്തിയ ലോറിയുടെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം അനുവദിച്ചു.

 Photo Credit: KV Poornachandra Kumar