ഇസ്ലാമാബാദ് : സൂഫി ദര്‍ഗ സൂക്ഷിപ്പുകാരനും സുഹൃത്തുക്കളും നടത്തിയ ആക്രമണത്തില്‍ ഇരുപത് പേര്‍ കുത്തേറ്റു മരിച്ചു. പഞ്ചാബ് പ്രവിശ്യയിലുള്ള മുഹമ്മദലി ദര്‍ഗയിലാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ സ്ത്രീകളാണ്. പ്രാര്‍ത്ഥനയ്ക്ക് എത്തിയവരെ പ്രത്യേക ദ്രാവകം നല്‍കി മയക്കിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് ബിലാല്‍ പറഞ്ഞു. 

ദര്‍ഗ സൂക്ഷിപ്പുകാരനായ അബ്ദുള്‍ വാഹിദ് പോലീസ് കസ്റ്റഡിയില്‍ ആണ്. ഷിയാ വിഭാഗത്തിന് ഇടയില്‍ പ്രചാരത്തിലുള്ള ദേഹം മുറിവേല്‍പ്പിച്ച് പ്രാര്‍ത്ഥന നടത്താനാണോ ഇവര്‍ ശ്രമിച്ചത് എന്നും സംശയം ഉണ്ട്. ദര്‍ഗ സൂക്ഷിപ്പുകാരനും അയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.