ദില്ലി: റിസർവ് ബാങ്ക് പുതിയതായി പുറത്തിറക്കുന്ന 2,000 രൂപയുടെ നോട്ടുകളിൽ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരണം തെറ്റാണെന്ന് സ്‌ഥിരീകരിച്ചു. കള്ളപ്പണം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ 1,000, 500 രൂപ നോട്ടുകൾ നിരോധിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ വാർത്തകൾ പ്രചരിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിലും ഇതിന് വൻ പ്രചാരം ലഭിച്ചു. പുറത്തിറങ്ങാൻ പോകുന്ന 2,000 രൂപ നോട്ടിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാല്‍ ധനകാര്യ സെക്രട്ടറി അശോക് ലാവാസ ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലോ റിസര്‍വ് ബാങ്ക് അധികൃതര്‍ ഇന്നലെ പുറത്തുവിട്ട ചിത്രങ്ങളിലോ 2000 രൂപാ നോട്ടുകളില്‍ നാനോ ചിപ്പ് ഉണ്ടെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. ഇന്ന് രാവിലെ ധനകാര്യ സെക്രട്ടറി നടത്തിയ ട്വീറ്റില്‍ പുതിയ നോട്ടുകള്‍ കൂടുതല്‍ സുരക്ഷിതമാണെന്ന് മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്.

Scroll to load tweet…
Scroll to load tweet…

എൻജിസി ടെക്നോളജി ഉൾച്ചേർത്തതാണ് പുതിയ 2,000 രൂപ നോട്ടുകൾ എന്നതായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വാർത്ത. എൻജിസി എന്നാൽ നാനോ ജിപിഎസ് ചിപ്പ്. ഇതൊരു സിഗ്നൽ പ്രതിഫലന സംവിധാനമാണ്. എവിടെയാണു കറൻസി എന്ന് സർക്കാരിന് അറിയാൻ കഴിയും. 120 മീറ്റർ ആഴത്തിൽ കുഴിച്ചിട്ടാൽപോലും സിഗ്നൽ ലഭിക്കും. കറൻസിക്ക് കേടുവരുത്താതെ ഈ നാനോ ചിപ്പ് നീക്കാൻ പറ്റില്ല. ഉപഗ്രഹങ്ങൾക്കുപോലും ഈ നോട്ടുകൾ നിരീക്ഷിക്കാനാവും. എവിടെയെങ്കിലും കൂടുതൽ കറൻസി ഒന്നിച്ച് ഇരിപ്പുണ്ടെന്നു കണ്ടാൽ ആ വിവരം ഉപയോഗിച്ചു തെരച്ചിൽ നടത്താനാവും എന്നത് ഉൾപ്പടെയായിരുന്നു പ്രചരണം