Asianet News MalayalamAsianet News Malayalam

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അരക്കോടി തട്ടിയ 21കാരി പിടിയില്‍

21 year old girl arrested on visa scam
Author
First Published Jul 1, 2017, 11:31 PM IST

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അരക്കോടിയോളം രൂപ തട്ടിയ ഇരുപത്തിയൊന്നുകാരിയും കാമുകനും കൊച്ചിയില്‍ അറസ്റ്റില്‍. തൃശൂര്‍ കുന്ദംകുളം സ്വദേശിയായ കൃഷ്ണേന്ദുവും കാമുകന്‍ പുതുക്കാട് സ്വദേശി ജിന്‍സണുമാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.

ഷാര്‍ജയില്‍ പുതുതായി തുടങ്ങുന്ന വസ്‌ത്രവ്യാപാര സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കാമുകാനായ ജിന്‍സന്റെ സുഹൃത്തുക്കളില്‍ നിന്ന് ആദ്യം 50,000 രൂപ വീതം കൈപ്പറ്റി. ഇവര്‍ വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ പേരെ വലയില്‍ വീഴ്ത്തി. നാല് മാസം കൊണ്ട് 83 പേരില്‍ നിന്നായി അരക്കോടിയോളം രൂപയാണ് തട്ടിയെടുത്തത്. വിസ ലഭിക്കാതെ വന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ഇവര്‍ക്ക് പിന്നില്‍ വന്‍ സംഘം തന്നെയുണ്ടെന്നാണ് തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നത്.

പ്ലസ്‍ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ് പഠിച്ച കൃഷ്ണേന്ദു ബംഗലുരുവില്‍ ജോലി ചെയ്യുകയാണ്. അവിടെ വെച്ചാണ് സ്വര്‍ണക്കടയില്‍ സെയില്‍സ്മാനായിരുന്ന ജിന്‍സണെ പരിചയപ്പെടുന്നത്. ഒരുമിച്ച് താമസമാക്കിയ പ്രതികള്‍ ആഢംബര ജീവിതം നയിക്കാനായാണ് പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. അച്ഛനും അമ്മയും വിദേശത്താണെന്നാണ് കൃഷ്ണേന്ദു തന്നോട് പറ‍ഞ്ഞതെന്നും അവിടെ കമ്പനി തുടങ്ങുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് സുഹൃത്തുക്കളെയടക്കം പരിചയപ്പെടുത്തിയത് എന്നുമാണ് ജിന്‍സന്റെ മൊഴി. ഇത് ശരിയാണെയെന്നും ഇവര്‍ക്കു പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios