ചെന്നൈ: തമിഴ്നാട്ടുകാരുടെ കൊയ്ത്തുത്സവമായ തൈപ്പൊങ്കൽ ദിനമായ ഇന്ന് നടന്ന ആവണിയപുരം ജല്ലിക്കട്ട് മത്സരത്തിനിടെ 22 പേർക്ക് പരിക്കേറ്റു. മത്സരത്തിൽ പങ്കെടുത്ത ആറ് പേർക്കും കാണാനെത്തിയ 16 പേർക്കുമാണ് പരിക്കേറ്റത്.
മധുരയിലെ ഏറ്റവും പ്രസിദ്ധമായ മൂന്ന് ജല്ലിക്കട്ട് മത്സരങ്ങളിലൊന്ന് നടക്കുന്നത് ആവണിയപുരത്താണ്. പരിക്കേറ്റ 22 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മൃഗക്ഷേമ ബോർഡിന്റെ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ജല്ലിക്കട്ട് മത്സരങ്ങൾ നടക്കുന്നത്.
10 മെഡിക്കൽ സംഘങ്ങളുൾപ്പടെ മൃഗങ്ങൾക്കും മത്സരാർഥികൾക്കും വേദിയിൽ ചികിത്സാസൗകര്യങ്ങളൊരുക്കണമെന്നാണ് ചട്ടം. 500 പൊലിസുദ്യോഗസ്ഥരടക്കം കർശനസുരക്ഷാ സന്നാഹങ്ങളും വേദിയ്ക്ക് പുറത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. മധുരയിലെ പാലമേട് ജല്ലിക്കട്ട് നാളെ നടക്കു. മറ്റന്നാളാണ് ഏറ്റവും പ്രസിദ്ധമായ അളങ്കനല്ലൂർ ജല്ലിക്കട്ട്.
