കളിയില്‍ തോറ്റ ദേഷ്യത്തിന് അയല്‍വാസിയെ കുത്തിക്കൊന്നു; 22 കാരന്‍ പിടിയില്‍

First Published 5, Mar 2018, 10:24 AM IST
22 year old in Mumbai stabs neighbour over losing card game
Highlights

വിളിച്ച് വരുത്തി വഞ്ചിച്ചുവെന്ന് ആരോപിച്ചായിരുന്നു അയല്‍വാസിയായ സുഹൃത്തിനെ കൊന്നത്

മുംബൈ: കളിയില്‍ തോറ്റ ദേഷ്യത്തില്‍ 22 വയസുകാരന്‍ അയല്‍വാസിയെ കുത്തിക്കൊന്നു. മുംബൈയില്‍ ശനിയാഴ്ച  വൈകുന്നേരം 6.15 ഓടെയായിരുന്നു സംഭവം. 

24 വയസുള്ള അബുസര്‍ അന്‍സാരി എന്നയാളാണ് കൊല്ലപ്പെട്ടത്. 50 വയസുള്ള അമ്മയോടൊപ്പം താമസിക്കുന്ന ഇയാള്‍ ജോലി കഴിഞ്ഞ് വന്നാല്‍ അടുത്തുള്ള വീടുകളിലെ കുട്ടികളുമായി ചീട്ട് കളിക്കുന്ന പതിവുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം അയല്‍വാസിയായ നൂര്‍ മുഹമ്മദ് മന്‍സൂരിയെ കണ്ടപ്പോള്‍ ഒപ്പം കളിക്കാനായി ക്ഷണിച്ചു. തൊഴില്‍ രഹിതനായ അന്‍സാരി സമ്മതിച്ചു. തുടര്‍ന്ന് നൂര്‍ മുഹമ്മദ് കളിയില്‍ തോറ്റപ്പോള്‍ അന്‍സാരിയോട് കയര്‍ത്തു. തന്നെ വിളിച്ച് വരുത്തി വഞ്ചിച്ചുവെന്ന് ആരോപിച്ചായിരുന്നു ബഹളം.

എന്നാല്‍ ഇത് വകവെയ്‌ക്കാതെ അന്‍സാരി ഉറക്കെ ചിരിച്ചത് നൂര്‍ മുഹമ്മദിനെ കൂടുതല്‍ പ്രകോപിപ്പിച്ചു. തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് അന്‍സാരിയുടെ തലയിലും നെഞ്ചിലും പുറത്തും കുത്തുകയായിരുന്നു. നിരവധി തവണ കുത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും അമ്മയും ചേര്‍ന്ന് അന്‍സാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

loader