ഗുര്‍ദാസ്പൂര്‍: വരന്‍ മദ്യലഹരിയില്‍ എത്തിയതിനെ തുടര്‍ന്ന് യുവതി വിവാഹത്തില്‍ നിന്നും പിന്‍മാറി. പഞ്ചാബിലെ ദിനനഗറലിലാണ് സംഭവം. ദിനനഗര്‍ സ്വദേശിനിയായ സുനിത സിംഗ് എന്ന 22കാരിയാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്.

ഗുരുദ്വാരയിലെ വിവാഹ വേദിയിലായിരുന്നു നാടകീയ സംഭവങ്ങള്‍. വരന്‍ ജസ്പ്രീത് സിംഗ് കാറില്‍ നിന്നിറങ്ങിയപ്പോള്‍ കാല് വേച്ച് പോയി. ഇത് കണ്ട യുവതി തനിക്ക് വിവാഹത്തില്‍ താല്‍പ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

എന്നാല്‍ കാലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് വരന്റെ കാല് വേച്ച് പോയതെന്ന് വരന്റെ ബന്ധുക്കള്‍ വാദിച്ചപ്പോള്‍ വരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സുനിത സിംഗ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഗുര്‍ദാസ്പൂരിലെ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ വരന്‍ മദ്യപിച്ചതായി തെളിഞ്ഞു. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ വിവാഹം ഉപേക്ഷിക്കാന്‍ ഇരുകൂട്ടരും തീരുമാനിക്കുകയായിരുന്നു.