ദില്ലി: പീഡന കേസില്‍ ജാമ്യത്തിലിറങ്ങിയ സംഘം പരാതി നല്‍കിയ യുവതിയെയും അമ്മയെയും വീട്ടില്‍നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അതിക്രമം. മധ്യ ദില്ലിയിലെ ആനന്ദ് പാര്‍ബതിലാണ് സംഭവം. സംഭവത്തില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു.
23കാരിയായ യുവതിക്കും അമ്മയ്ക്കും എതിരെയാണ് അക്രമണം നടന്നത്. ശനിയാഴ്ച യുവതിയെയും സഹോദരിയെയും ഇതേ സംഘം തൊട്ടടുത്തുള്ള പാര്‍ക്കില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തുവെങ്കിലും വൈകിട്ട് ജാമ്യത്തില്‍ വിട്ടു.
ജാമ്യത്തിലിറങ്ങിയ സംഘം അന്ന് രാത്രി യുവതിയുടെ വീട്ടിനടുത്തു വന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെ പിറ്റേന്ന് കാലത്ത് സംഘം വീണ്ടും യുവതിയുടെ വീട്ടില്‍ എത്തുകയായിരുന്നു. ആസിഡ് ആക്രമണം നടത്തുകയും കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്യുമെന്ന് ഭീഷണി മുഴക്കിയ സംഘം ഇതിനോട് പ്രതികരിച്ച യുവതിയെ വീട്ടില്‍ കയറി അക്രമിച്ചു. വടിയും മറ്റ് ആയുധങ്ങളുമായി എത്തിയ സംഘം യുവതിയെ ബലമായി വീട്ടില്‍നിന്ന് വലിച്ചിറക്കി അക്രമിച്ചു. തടയാന്‍ വന്ന അമ്മയ്‌ക്കെതിരെയും അക്രമണമുണ്ടായി. അയല്‍ക്കാര്‍ എത്തിയാണ് ഇരു സ്ത്രീകളെയും രക്ഷപ്പെടുത്തിയത്.
വീട്ടില്‍നിന്ന് വലിച്ചിറക്കിയ ശേഷം തന്നെയും അമ്മയെയും കയറിപ്പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി യുവതി വീണ്ടും നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും ബാക്കിയുള്ളവരെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
