ഹയര്‍സെക്കണ്ടറി മാതൃകാ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ പൊതുപരീക്ഷയിലും അതേപടി ആവര്‍ത്തിച്ച്. പ്ലസ്‍വണ്‍ ഭൂമിശാസ്‌ത്ര പരീക്ഷയിലെ മാതൃകാ ചോദ്യപേപ്പറിലെ 40 ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങളാണ് പൊതുപരീക്ഷയിലും അതേപടി ആവര്‍ത്തിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ വിദ്യാഭ്യാസ സംഘടനകള്‍ ആവശ്യപ്പെട്ടു.

ഭൂമിശാസ്‌ത്രം പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറിലെ ഒന്നാമത്തെ ചോദ്യം പൊതുപരീക്ഷാ ചോദ്യപേപ്പറില്‍ രണ്ടാമത്തേതായാണ് അച്ചടിച്ചിരുന്നത്. രണ്ടിനും ഒരേ മാര്‍ക്ക് തന്നെ. ചിത്രത്തെ അടിസ്ഥാനമാക്കി ഉത്തരം നല്‍കേണ്ട ചോദ്യം പോലും മാതൃകാ ചോദ്യപേപ്പറിലേത് തന്നെ പൊതുപരീക്ഷയിലും ആവര്‍ത്തിച്ചു. ഇതിന്റെ മാര്‍ക്കിലും മാറ്റമില്ല. ഇത്തരത്തില്‍ പൊതു പരീക്ഷയിലെ 60 ചോദ്യങ്ങളില്‍ മാതൃകാ ചോദ്യപേപ്പറിലെ 24 ചോദ്യങ്ങളാണ് അതേപടി ആവര്‍ത്തിച്ചിരിക്കുന്നത്. മുമ്പ് സ്വീകരിച്ചിരുന്ന മാനദണ്ഡങ്ങള്‍ ഇക്കുറി ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ ഉണ്ടായില്ലെന്നും, ഇതേ കുറിച്ച് അന്വേഷിക്കണമെന്നുമാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആവശ്യം.

എന്നാല്‍ ആരോപണം ഹയര്‍സെക്കന്‍ഡറി ഡയറക്ട്രേറ്റ് നിഷേധിച്ചു. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത് യാദൃശ്ചികം മാത്രമാണെന്നാണ് ‍ഡയറക്ടര്‍ എം.എസ് ജയയുടെ പ്രതികരണം. ഇത്തവണത്തെ പത്താംതരം, പ്ലസ്ടു പരീക്ഷകളിലെ ചോദ്യപേപ്പര്‍ തയ്യാറാക്കലുമായി ബന്ധപ്പെട്ടും ആരോപണങ്ങളും പരാതികളും ഉയര്‍ന്നിരുന്നു.