ദില്ലി: മൂന്നുവര്‍ഷത്തിനകം ദില്ലിയെ ഡെങ്കിപ്പനി-ചിക്കുന്‍ ഗുനിയ രോഗങ്ങളിലാത്ത നഗരമാക്കി മാറ്റുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ഇതടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ആം ആദ്മി പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കി. ഞായറാഴ്ച്ചത്തെ ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ആംആദ്മി പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കിയത്.
എട്ട് പേജുള്ള പത്രികയില്‍ ശുചിത്വത്തിന് ഊന്നല്‍. ഒരു വര്‍ഷത്തികം ദില്ലിയെ ശുചിത്വ നഗരമാക്കുമെന്ന് പ്രഖ്യാപനം. മാലിന്യനിക്ഷേപ കേന്ദ്രങ്ങളെ മൈതാനങ്ങളാക്കി മാറ്റും. കരാര്‍ ശുചീകരണത്തൊഴിലാളികളെ സ്ഥിരപ്പെടുത്തും. കൂടുതല്‍ തൊഴിലാളികളെ നിയമിക്കും. വീട്ട് കരം ഒഴിവാക്കും. കെട്ടിട നിര്‍മ്മാണാനുമതിക്കുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കും. കോര്‍പ്പറേഷനുകള്‍ക്ക് കീഴിലുള്ള പ്രൈമറി സ്കൂളുകളില്‍ നഴ്‌സറി കിന്‍റര്‍ ഗാര്‍ട്ടന്‍ ക്ലാസുകള്‍ തുടങ്ങും.
റജൗരി ഗാര്‍ഡന്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ ആംആദ്മി പാര്‍ട്ടിക്ക് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് വിജയം അനിവാര്യമാണ്. 13 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് ആം ആദ്മി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനായതിന്റെ ആത്മവിശ്വാസമാണ് പാര്‍ട്ടിക്കുള്ളത്. മൂന്ന് കോര്‍പ്പറേഷനും പത്ത് വര്‍ഷമായി ഭരിക്കുന്ന ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ശ്രമിക്കുമ്പോള്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് ദില്ലി വേദിയാകുക.
