മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ഡ്രൈവര്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു

അഹമ്മദാബാദ്: വിവാഹസംഘം സഞ്ചരിച്ച ട്രക്ക് പാലത്തില്‍ നിന്ന് കുഴിയിലേക്ക് മറിഞ്ഞ് 26 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ ഭാവ് നഗര്‍ ജില്ലയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

രാജ്‌കോട്ട്-ഭാവ് നഗര്‍ ദേശീയപാതയില്‍ രംഗോളയിലാണ് അപകടം നടന്നത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി യാത്ര ചെയ്ത 60 പേരാണ് ട്രക്കിലുണ്ടായിരുന്നത്. മരിച്ചവരില്‍ 10 പേര്‍ സ്ത്രീകളും അഞ്ച് കുട്ടികളുമാണ്. പാലത്തിന് മുകളില്‍ വെച്ച് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ഡ്രൈവര്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. 25 പേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളേക്ക് മാറ്റി.