കീഴാറ്റൂരിനെക്കുറിച്ചൊരു ചർച്ചയില്ല. ആ സമരം ഡൗണായി പോയി.
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിൽ നിർമ്മാണം പൂർത്തിയാക്കിയ 264 പദ്ധതികൾ ജൂൺ,ജൂലൈ മാസങ്ങളിൽ നാടിന് സമർപ്പിക്കമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. 3218 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാലങ്ങൾ, കെട്ടിടങ്ങൾ, റോഡുകൾ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.
കേരള പിറവിക്കു ശേഷം പശ്ചാത്തല വികസനത്തിന് കോടികൾ ചെലവാക്കിയ മറ്റൊരു സർക്കാർ ഉണ്ടാവില്ലന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ അഴിമതി പൂർണമായും ഇല്ലാതാക്കി എന്നു താൻ പറയില്ല, എന്നാൽ ഒരു ചീഫ് എഞ്ചിനീയർ അടക്കം 65 ഉദ്യോഗസ്ഥരെ ഇൗ കാലയളവിൽ സസ്പെൻഡ് ചെയ്തു.
പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിൽ ഒരു ഫയലും കെട്ടികിടക്കുന്നില്ല. 600 കിലോമീറ്റർ വരുന്ന ദേശീയ പാത വികസനം നവംബർ മാസത്തിൽ പൂർത്തിയാക്കാൻ കഴിയും. പാതയിരട്ടിപ്പ് നീട്ടു പോകാതിരിക്കാൻ കേന്ദ്ര സർക്കാർ ഫണ്ടിനായി കാത്തു നിൽക്കാതെ സംസ്ഥാന പണം ഉപയോഗിച്ച് നടപ്പാക്കും. കഴിഞ്ഞ സാമ്പത്തിക വർഷം രജിസ്ട്രേഷൻ വരുമാനം 3150 കോടിയായി ഉയർന്നെന്നും ഇത് 2016-17 വർഷത്തേക്കാൾ അഞ്ഞൂറ് കോടിയോളം അധികം വരുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകളിലെ സൗകര്യം ഇനിയും മെച്ചപ്പെടുത്തണം. കീഴാറ്റൂർ വിഷയം സംസ്ഥാന സർക്കാർ പരിഹരിക്കേണ്ടതല്ല. കേന്ദ്രസർക്കാർ കൊണ്ടു വന്ന അലൈൻമെന്റാണ് അവിടെ പരീക്ഷിക്കുന്നത്. ഇതേക്കുറിച്ച് കുമ്മനം രാജശേഖരൻ കേന്ദ്രസർക്കാരിന് പരാതി കൊടുത്തിരിക്കുകയാണ്. അക്കാര്യത്തിൽ ഇനി അവർ തീരുമാനമെടുക്കും. കേന്ദ്രസംഘം പരിശോധിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് വരട്ടെ. അതല്ലാതെ കീഴാറ്റൂരിനെക്കുറിച്ചൊരു ചർച്ചയില്ല. ആ സമരം ഡൗണായി പോയി.
