ന്യൂഡല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സിബിഐ പട്യാല ഹൗസ് കോടതി ഡിസംബര്‍ 12 ചൊവ്വാഴ്ച വിധി പറയും. 

2ജി സ്‌പെക്ട്രം വിതരണത്തിന് 122 ലൈസന്‍സുകള്‍ ലേലം ചെയ്തതില്‍ കേന്ദ്രസര്‍ക്കാരിന് 30,984 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായതാണ് കേസിനാസ്പദമായ സംഭവം. ഈ ലൈസന്‍സുകള്‍ കോടതി പിന്നീട് റദ്ദാക്കിയിരുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ ഒരു കേസും അങ്ങനെ മൊത്തം കേസുകളിലായാണ് കേസിന്റെ വിചാരണ നടന്നത്. 

മുന്‍ടെലികോം മന്ത്രി എ.രാജ, ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ കനിമൊഴി, മുന്‍ടെലികോം വകുപ്പ് സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂറ തുടങ്ങിയ ഉന്നതരും റിലയന്‍സ് ടെലികോം, യുണീടെക് വയര്‍ലെസ്, ലൂപ് ടെലികോ, ലൂപ് മൊബൈല്‍ ഇന്ത്യ, എസ്സാര്‍ ടെലി ഹോള്‍ഡിംഗ് എന്നീ കമ്പനികളും ഈ കേസില്‍ പ്രതിസ്ഥാനത്തുണ്ട്.