അല്‍ഐനിലെ ഒരു വില്ല കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം
അബുദാബി: വീടുകളില് വെച്ച് അനധികൃതമായി സൗന്ദര്യവര്ദ്ധക ചികിത്സകള് നടത്തിയതിന് രണ്ട് സ്ത്രീകളും ഒരു പുരുഷനും അബുദാബി പൊലീസിന്റെ പിടിയിലായി. ബോട്ടോക്സ് ഇഞ്ചക്ഷനുകള് ഉള്പ്പെടെയുള്ളവ വീടുകളില് വെച്ച് ആളുകള്ക്ക് നല്കിയിരുന്നുവെന്നാണ് കണ്ടെത്തിയത്. പിടിയിലായവരില് രണ്ട് സ്ത്രീകളും ഏഷ്യക്കാരാണ്. ആഫ്രിക്കന് സ്വദേശിയാണ് ഇവര്ക്കൊപ്പമുള്ള പുരുഷന്.
അല്ഐനിലെ ഒരു വില്ല കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്ത്തനം. നിരവധി ഇഞ്ചക്ഷനുകളും ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയതായി അല്ഐന് പൊലീസ് ഡയറക്ടര് കേണല് സൈഫ് അല് സബൊസി അറിയിച്ചു. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാല് മാസത്തോളമായി രാജ്യത്ത് ബോട്ടോക്സ് ഉള്പ്പെടെയുള്ള മരുന്നുകള് അനധികൃതമായി എത്തിക്കുന്നുണ്ടെന്ന് ഇവര് സമ്മതിച്ചു. 6000 ദിര്ഹം വീതമാണ് ഇവര് ചികിത്സക്ക് ഓരോരുത്തരില് നിന്നും കൈപ്പറ്റിയത്. നഴ്സുമാരായ ഇവര് രണ്ടുപേര്ക്കും ഇത്തരം ചികിത്സകള് നടത്താനുള്ള ലൈസന്സ് ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു ആളുകളെ കബളിപ്പിച്ചത്.
ആശുപത്രികളില് ഇത്തരം ചികിത്സകള് നടത്താന് ആവശ്യമാകുന്നതിനേക്കാള് കുറഞ്ഞ തുക ആവശ്യപ്പെട്ടിരുന്നതിനാല് പലരും കെണിയില് വീണു. ചികിത്സ സ്വീകരിച്ച ഒരു സ്വദേശി യുവതിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ഇതേ തുടര്ന്നാണ് സംഭവം പുറത്തറിഞ്ഞത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.
