സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഫരീദാബാദ് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് കേസെടത്തിരിക്കുന്നത്. ബാക്കി പ്രതികളേയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് കമീഷണര്‍ ഹനീഫ് ഖുറൈഷി അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ബജ്രി ഗ്രാമത്തില്‍ വെച്ച് ഒരു സംഘം ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് യുവാക്കളെ തല്ലിച്ചതച്ചത്. ഫത്തേപൂര്‍ താഗാ ഗ്രാമത്തില്‍ നിന്ന് ഓള്‍ഡ് ഫരീദാബാദിലേക്ക് ആസാദ് എന്നയാള്‍ ഓട്ടോറിക്ഷയില്‍ ബീഫ് കൊണ്ടു പോകുമ്പോഴാണ് സംഭവം. കാറിലെത്തിയ ആറംഗ സംഘം ഓട്ടോതടഞ്ഞു നിര്‍ത്തി ആസാദിനെയും കൂടെയുണ്ടായിരുന്ന 14 കാരനേയും സമീപത്തെ ഒരു ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്ന്ന് 30ലധികം വരുന്ന ജനക്കൂട്ടത്തിനൊപ്പം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് മറ്റ് മൂന്ന് പേര്‍ക്കും മര്‍ദ്ദനമേറ്റത്. പശു ഇറച്ചിയല്ല എന്ന വ്യക്തമാക്കിയിട്ടും മര്‍ദ്ദനം തുടര്‍ന്നതായി ആസാദ് പറഞ്ഞു. ജയ് ഹനുമാന്‍, ജയ് ഗോമാത തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ അക്രമികള്‍ ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കില്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ആസാദ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഹരിയാനയിലെ പശുകള്ളക്കടത്ത് നിയമമനുസരിച്ച് അക്രമണത്തിന് ഇരയായവര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ കൈവശമുണ്ടായിരുന്നത് പശുവിറച്ചി അല്ലെന്ന് തെളിഞ്ഞതോടെ ഈ കേസ് പിന്‍വലിച്ചതായി പൊലീസ് പറഞ്ഞു.