ദില്ലി: ദില്ലിയിൽ 3.25 കോടി രൂപയുടെ അസാധു നോട്ടുകൾ പിടികൂടി. കരോൾ ബാഗിലെ ഒരു ഹോട്ടലിൽനിന്നാണ് നോട്ടുകൾ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ആദായനികുതി വകുപ്പും ക്രൈംബ്രാഞ്ച് വിഭാഗവും സംയുക്‌തമായാണ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേർ പിടിയിലായിട്ടുണ്ട്.

മുംബൈ ക്രേന്ദ്രീകരിച്ചുള്ള ഹവാല ഇടപാടുകാരുടേതാണ് പണമെന്നു സംശയിക്കുന്നതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞു. അതിവിദഗ്ദ്ധമായായിരുന്നു നോട്ടുകൾ പായ്ക്ക് ചെയ്തിരുന്നത്. വിമാനത്താവളങ്ങളിലെ സ്കാനറുകളിൽ നോട്ടുകൾ പതിയാതിരിക്കുന്നതിന് വേണ്ടി ടേപ്പുകളും വയറുകളും ഉപയോഗിച്ചായിരുന്നു പായ്ക്കിംഗ്. പിടിയിലായവരുുടെ മൊബൈൽ ഫോൺ വിവരങ്ങളും മറ്റും പോലീസ് പരിശോധിച്ചു വരികയാണ്.

ബുധനാഴ്ച രാവിലെ ബംഗളൂരുവിൽ ആദായനികുതി പകുപ്പിന്റെ പരിശോധനയിൽ 2.25 കോടി രൂപയുടെ പുതിയ നോട്ടുകൾ പിടികൂടി. കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ച റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ ബംഗളൂരുവിൽ പിടിയിലായിരുന്നു.