കുഴല്‍പ്പണം കടത്തുന്നെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് രാത്രി എട്ടരയോടെയാണ് ഒല്ലൂര്‍ അഞ്ചേരിയില്‍ ആദായനികുതി വകുപ്പ് പരിശോധനയ്ക്ക് എത്തിയത്. മലപ്പുറം രജിസ്‌ട്രേഷനുള്ള രണ്ട് കാറുകളില്‍ നിന്നായി മൂന്നുകോടി രൂപയാണ് കണ്ടെടുത്തത്. കാറിന്‍റെ ഹാന്‍റ് ബ്രേക്കിന് താഴെ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു പണം. 

കാറിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജ്വല്ലറി ആവശ്യത്തിനായി കൊണ്ടുവന്ന പണമെന്നായിരുന്നു പിടിയിലായവര്‍ നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി ആദായനികുതി വകുപ്പ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് എത്തിച്ച പണമെന്നാണ് സംശയിക്കുന്നത്. 

ഇക്കാര്യത്തില്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണമൊഴുകുന്നത് കണ്ടെത്താന്‍ സംസ്ഥാനത്തെമ്പാടും പരിശോധനകള്‍ നടത്തിവരുന്നതിനിടെയാണ് ആദായ നികുതിവകുപ്പ് കാറില്‍ നിന്നും കുഴല്‍പ്പണം പിടിച്ചെടുത്തത്.