കോട്ടയം: കോട്ടയത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. അ‍ഞ്ചു പേര്‍ക്ക് പരുക്കേറ്റു. തലയോലപ്പറമ്പിലും നാഗമ്പടം സ്വകാര്യ ബസ് സ്റ്റാന്‍ഡിലുമാണ് അപകടങ്ങള്‍. രാവിലെ ഏഴു മണിയോടെ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് പാലത്തിന് സമീപത്തുണ്ടായ അപകടത്തിലാണ് രണ്ടു പേര്‍ മരിച്ചത്.അമിതവേഗത്തിലെത്തിയ ബസ് ആദ്യം ബൈക്കിലും പിന്നേട് കാറിലും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാറും ബൈക്കും പൂര്‍ണമായും തകര്‍ന്നു.ബൈക്ക് യാത്രക്കാരനായ നീര്‍പ്പാറ സ്വദേശി ഷെറിന്‍, കാറിലുണ്ടായിരുന്ന മലപ്പുറം എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ സലാഹുദ്ദീന്‍ എന്നിവരാണ് മരിച്ചത്. സലാഹുദീന്റെ മാതാപിതാക്കളായ അബ്ദുല്‍ റസാഖിനും ഷാഹിദയ്‌ക്കും ബന്ധു മുഹമ്മദ് ഹാഷിമിനും ഗുരതരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സയ്‌ക്കായി മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്തേയ്‌ക്ക് പോവുകയിരുന്നു ഈ കുടുംബം.

രക്ഷപ്രവര്‍ത്തനത്തിനിടെ വെട്ടിക്കാട്ട് സ്വദേശി അബ്ദുല്‍ അസീസിനും കൈക്ക് പരുക്കേറ്റു.നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ പിന്നിലേയ്‌ക്കെടുത്ത സ്വകാര്യ ബിസന്റെ അടിയില്‍പെട്ട് ഒളശ സ്വദേശി കൊച്ചു പറമ്പില്‍ അരുണിമയാണ് മരിച്ചത്. കൈയ്‌ക്ക് പരുക്കേറ്റ അമ്മൂമ്മ ശാന്തമ്മയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടായുടന്‍ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ദൃക്‌സാക്ഷികളില്‍ ചുരുക്കം ചിലര്‍ പേര്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായത്.