സിസിടിവി ദൃശ്യങ്ങൾ പുറത്ത് ഘാതകർ മുഖംമൂടി ധരിച്ചിരുന്നു അന്വേഷണം പുരോ​ഗമിക്കുന്നുവെന്ന് പൊലീസ്

കാശ്മീർ: റൈസിം​ഗ് കാശ്മീർ ദിനപത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് ഷുജാത്ത് ബുഖാരിയുടെ ഘാതകരെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായതായി പൊലീസ്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ശ്രീന​ഗറിൽ വച്ച് തീവ്രവാദികൾ ബുഖാരിയെ വെടിവച്ച് കൊന്നത്. ബൈക്കിലെത്തിയ മുഖം മൂടി ധരിച്ച മൂന്നുപേരാണ് വെടി വച്ചതെന്ന് സ്ഥലത്തെ സിസി‍ടിവി ദൃശ്യങ്ങളിൽ‌ കാണാൻ സാധിക്കുന്നു. ബൈക്കോടിക്കുന്ന ആൾ ഹെൽമെറ്റ്ധാരിയാണ്. മറ്റ് രണ്ടുപേരും തുണി ഉപയോ​ഗിച്ചാണ് മുഖം മറച്ചിരിക്കുന്നു. നടുവിൽ ഇരിക്കുന്ന ആളാണ് തോക്ക് കൈവശം വച്ചിരിക്കുന്നത്. 

Scroll to load tweet…

ഇവരുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് പുറത്തുവിട്ടു. ഒപ്പം ഇവരെ കണ്ടെത്താൻ പൊതുജനത്തിന്റെ സ​ഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. ശ്രീന​ഗറിലെ പ്രസ് കോളനി ഓഫീസിൽ നിന്ന് ഇറങ്ങുമ്പോഴാണ് ബുഖാരിക്ക് വെടിയേറ്റത്. 2000 മുതൽ പൊലീസ് സം​രക്ഷണയിലായിരുന്നു ബുഖാരി. കൂടെയുണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥരും വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബുഖാരി ഓഫീസിൽ നിന്നിറങ്ങുന്ന സമയം നോക്കിയാണ് തീവ്രവാദികൾ അവിടെയെത്തിയതെന്നാണ് പൊലീസ് ഭാഷ്യം. ഇഫ്താർ വിരുന്നിന്റെ സമയമായതിനാൽ ജനങ്ങൾ മിക്കവരും വീട്ടിലെത്തുന്നതിന്റെ തിരക്കിലായിരുന്നു. 

വെടിയൊച്ച കേട്ട് ഓഫീസിൽ നിന്നും മറ്റ് മാധ്യമപ്രവർത്തകർ പുറത്തിറങ്ങി വന്നിരുന്നു. കാറിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടന്ന ബുഖാരിയെയാണ് ഇവർ കണ്ടത്. ഒന്നിലധികം ബുള്ളറ്റുകൾ ഇദ്ദേഹത്തിന്റെ ശരീരത്തിൽ തുളച്ചുകയറിയിരുന്നു. സുരക്ഷാ ഉദ്യോ​ഗസ്ഥരിൽ ഒരാൾ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ആശുപത്രിയിലും വച്ചാണ് മരിച്ചത്. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഘാതകരെ ഉടൻ പിടികൂടുമെന്നും ജമ്മു കാശ്മീർ പൊലീസ് ചീഫ് വെയ്ഡ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.