കുവൈത്തിലെത്തി ജോലി തട്ടിപ്പിനിരയായ മൂന്ന് മലയാളി നഴ്സുമാര്‍ നാട്ടിലേക്ക് മടങ്ങി. ഒരു വർഷത്തിന് ശേഷമാണ് ഇവരുടെ മടക്കം. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തവർക്കെതിരെ ഇവര്‍ എംബസിയിൽ പരാതി നല്‍കി.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി വാഗദാനം ചെയ്ത് 12 നഴ്‌സുമാരെയാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ കൊണ്ടുവന്നത്. സാല്‍മിയായിലെ ഒരു ഫ്ലാറ്റില്‍ താമസിപ്പിച്ചിരുന്നു ഇവര്‍ ജോലിയില്ലാതെ ദുരിതത്തിലായതോടെ കഴിഞ്ഞ രണ്ട് മാസത്തിനുള്ള തിരികെ നാട്ടിലേക്ക് ഘട്ടം ഘട്ടമായി പോയിരുന്നു. ഇതില്‍ അവസാനമായി ഇന്നലെ പോയ മൂന്ന് പേരാണ് എംബസിയിലെത്തി തങ്ങളെ കുടുക്കിയവര്‍ക്കതിരെ പരാതി നല്‍കിയത്.

ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സ്മിതാ സോമന്‍, ചങ്ങനാശേരി മാടപ്പള്ളി മുകനോലിക്കല്‍ വീട്ടില്‍ എം.ജി സുരേഷിന് 23-ലക്ഷം രൂപയാണ് നല്‍കിയത്. അതോടെപ്പം, കോതമംഗലം സ്വദേശിനിയായ ദിയ ഫാത്തിമ മുഹമദും, ഇടുക്കി രാജപുരം സ്വദേശിനി അഞ്ചു തോമസും 15 ലക്ഷം രൂപ വച്ച് മുണ്ടക്കയം മേമ്മലക്കുന്നേല്‍ വീട്ടില്‍ എം.കെ.ബിനോയ്ക്ക് നല്‍കിയെന്നുമാണ് പരാതിയിലുള്ളത്.

കുവൈത്തിലെത്തിച്ച ശേഷം നാട്ടിലെ ഏജന്റെിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ പൊടികണ്ടത്തില്‍ വീട്ടില്‍ മറിയമ്മ ഇവരുടെ പാസ്‌പോര്‍ട്ട് പിടിച്ച് വച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. ഇവരോടെ ജോലികാര്യത്തെകുറിച്ച് ചോദിക്കുമ്പോള്‍ സ്വദേശി സ്‌പേണ്‍സറെ കൊണ്ട് ഭീഷണിപ്പെടുത്തിയതായും ഇവര്‍ എഴുതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. എംബസി, ഇവര്‍ക്കെതിരെ തൃശൂര്‍ റേഞ്ച് ഐ.ജി. കോട്ടയം എസ്.പി,എന്‍.ആര്‍.ഐ എന്നീവര്‍ക്ക് പരാതി കൈമാറിയിട്ടുണ്ട്. ഇവരടെ ബന്ധുക്കള്‍ കഴിഞ്ഞ 22-ന് മുഖ്യമന്ത്രിയ്ക്കും എന്‍.ആര്‍.ഐ സെല്ലിലും പരാതി നല്‍കിയിട്ടുമുണ്ട്.